ലിമ
നായകൻ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ തുടർച്ചയായ നാലാംജയംകുറിച്ച് അർജന്റീന. രണ്ട് ഗോളിന് പെറുവിനെ കീഴടക്കി 12 പോയിന്റുമായി ഒന്നാമതാണ് ചാമ്പ്യൻമാർ. ബ്രസീലിനെ ഉറുഗ്വേ വീഴ്-ത്തി (2–0). ഏഴ് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറാനും ഉറുഗ്വേയ്ക്കായി. ബ്രസീലിനും ഏഴ് പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ മൂന്നാമതായി.
ആദ്യപകുതിയിൽ മെസി നേടിയ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. രണ്ടാംപകുതിയിൽ മെസി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും വീഡിയോ പരിശോധനയിൽ ഓഫ്സൈഡായി. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ മുപ്പത്താറുകാരന് 106 ഗോളായി. ഗോൾ വേട്ടക്കാരിൽ രണ്ടാമതുള്ള ഇറാന്റെ അലിദേയിയെക്കാൾ രണ്ട് ഗോളിന് മാത്രം പിന്നിൽ. 127 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്.
ആദ്യപകുതിയിൽ ഡാർവിൻ ന്യൂനസും രണ്ടാംപകുതിയിൽ നിക്കോളാസ് ഡി ലാ ക്രൂസും നേടിയ ഗോളുകൾക്കാണ് ഉറുഗ്വേ ബ്രസീലിനെ മറികടന്നത്.
മറ്റു മത്സരങ്ങളിൽ വെനസ്വേല എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെയും പരാഗ്വേ ഒരു ഗോളിന് ബൊളീവിയയെയും മറികടന്നു. ഇക്വഡോറും കൊളംബിയയും ഗോളടിക്കാതെ പിരിഞ്ഞു.
നെയ്മർക്ക് പരിക്ക്
ബ്രസീൽ സൂപ്പർതാരം നെയ്മർക്ക് വീണ്ടും പരിക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനിടെ ഇടതുകാൽമുട്ടിനാണ് പരിക്കേറ്റത്. ആദ്യപകുതിക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. ഉറുഗ്വേ താരം നിക്കോളാസ് ഡെ ലാ ക്രൂസുമായി പന്തിനുള്ള പോരാട്ടത്തിനിടെയാണ് പരിക്കേറ്റത്. സ്ട്രെക്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. പരിക്കിന്റെ ഗൗരവം കൂടുതൽ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂവെന്ന് ബ്രസീൽ ടീം ഡോക്ടർ പറഞ്ഞു.















