കുന്നംകുളം
വേഗം പാലക്കാടൻ കാറ്റിനുതന്നെ. സീനിയർ ആൺകുട്ടികളിൽ പാലക്കാട് മാത്തൂർ സിഎഫ്ഡി എച്ച്എസ്എസിലെ പി അഭിരാമും പെൺകുട്ടികളിൽ പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജി താരയും 100 മീറ്റർ ഓട്ടത്തിൽ പൊന്നണിഞ്ഞ് മീറ്റിലെ വേഗപ്പട്ടം സ്വന്തമാക്കി. അഭിരാം 11.10 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 12.35 സെക്കൻഡാണ് താരയുടെ സമയം. ആൺകുട്ടികളുടെ മത്സരത്തിൽ ശക്തമായ മത്സരം നടന്നപ്പോൾ പെൺകുട്ടികളിൽ വ്യക്തമായ ലീഡോടെയാണ് താര ഓടിക്കയറിയത്. 100 മീറ്ററിൽ പാലക്കാടിന് മൂന്നുവീതം സ്വർണവും വെള്ളിയുമുണ്ട്.
അഭിരാമിന് ഡബിളായി. 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. മാത്തൂർ സ്കൂളിലെ അധ്യാപകൻ കെ സുരേന്ദ്രനാണ് പരിശീലകൻ. മാത്തൂർ അമ്പാട്ട് വീട്ടിൽ പ്രമോദിന്റെയും മഞ്ജുഷയുടെയും മകനാണ്. 200 മീറ്ററിലും അഭിരാം പങ്കെടുക്കുന്നുണ്ട്. പറളി സ്കൂളിലെ പി എം ആദിൻ വെള്ളി നേടി (11.13). മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ അലൻ മാത്യുവിനാണ് വെങ്കലം.
താര കഴിഞ്ഞവർഷം 100 മീറ്ററിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. പാലക്കാട് കരിങ്കരപ്പുള്ളി ശ്രീപദത്തിൽ കെ ഗോപിനാഥിന്റെയും ആർ സുനിതയുടെയും മകളാണ്. പ്ലസ്ടു ബയോളജി വിദ്യാർഥിയായ താരയെ ഒളിമ്പിക്സ് ക്ലബ്ബിലെ അർജുൻ ഹരിദാസാണ് പരിശീലിപ്പിക്കുന്നത്. റിലേയിലും മത്സരിക്കുന്നുണ്ട്. പത്തനംതിട്ട അടൂർ സെന്റ് മേരീസ് സ്കൂളിലെ എച്ച് അനാമിക (12.74) രണ്ടാമതെത്തി. തിരുവനന്തപുരം സായ് താരം സ്നേഹ ജേക്കബിനാണ് മൂന്നാംസ്ഥാനം.
ജൂനിയറിൽ രണ്ട് സ്വർണവും എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിനാണ്. ആൺകുട്ടികളിൽ അൻസാഫ് കെ അഷ്റഫ് 11.15 സെക്കൻഡിൽ പൊന്നണിഞ്ഞു. പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസിലെ യു ആയുഷ് കൃഷ്ണയ്ക്കാണ് രണ്ടാംസ്ഥാനം (11.28). ആതിഥേയരായ കുന്നംകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ യദുകൃഷ്ണ വി നായർ മൂന്നാമതെത്തി. പെൺകുട്ടികളിൽ അൽഫോൺസ ട്രീസ ടെറിൻ 12.79 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളിലെ ആദിത്യ അജി വെള്ളിയും തിരുവനന്തപുരം സായ്യിലെ അനന്യ സുരേഷ് വെങ്കലവും നേടി.
സബ് ജൂനിയർ ആൺകുട്ടികളിൽ കല്ലടി കുമരംപൂത്തൂർ സ്കൂൾ 1–-2 ഫിനിഷ് നടത്തി. മണിപ്പുരുകാരനായ ജഹീർഖാനും (12.08) പി അബിൻ കൃഷ്ണയും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. ആലപ്പുഴ പുന്നപ്ര സെന്റ് ജോസഫ്സ് സ്കൂളിലെ പി ബി ഫെബിനാണ് വെങ്കലം. പെൺകുട്ടികളിൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ ടി വി ദേവശ്രീ സ്വർണവും (13.37) തിരുവനന്തപുരം ജി വി രാജയിലെ ജിൽഷ ജിനിൽ വെള്ളിയും സ്വന്തമാക്കി. തലശേരി സായ്യിലെ ഇവാന ടോമിക്കാണ് മൂന്നാംസ്ഥാനം.















