കുന്നംകുളം
സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ രണ്ടാംദിനം പാലക്കാട് കുതിച്ച് മുന്നേറുന്നു. 11 വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമടക്കം 92 പോയിന്റുമായാണ് മുന്നേറ്റം. പറളി, കല്ലടി സ്കൂളുകളുടെ ചിറകിലേറിയാണ് ഹാട്രിക് കിരീടത്തിനായുള്ള പ്രയാണം. ഏഴ് സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 71 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തുണ്ട്. 13 തവണ കിരീടം നേടിയ ചരിത്രമുള്ള എറണാകുളം കിതച്ച് 46 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ഏഴ് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലവുമാണ് സമ്പാദ്യം.
സ്കൂൾ വിഭാഗത്തിൽ 32 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് മുന്നിലാണ്. 23 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാംസ്ഥാനത്തും 19 പോയിന്റുവീതം നേടിയ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസും പൂവമ്പായി എഎംഎച്ച്എസും മൂന്നാംസ്ഥാനത്തുണ്ട്.
രണ്ടാംദിനത്തിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് ഉദിനൂർ ജിഎച്ച്എസ്എസിലെ വി എസ് അനുപ്രിയമാത്രമാണ് റെക്കോഡിട്ടത്. പാലക്കാട് പറളിയുടെ എം ജ്യോതിക (സീനിയർ പെൺകുട്ടികൾ 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്), മാത്തൂർ സിഎഫ്ഡി സ്കൂളിലെ പി അഭിരാം (സീനിയർ ആൺകുട്ടികൾ100 മീറ്റർ, 400 മീറ്റർ), കാസർകോട് കുട്ടമത്ത് സ്കൂളിലെ ഹെനിൻ എലിസബത്ത് (ജൂനിയർ പെൺകുട്ടികൾ ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്) എന്നിവർ ഇരട്ട സ്വർണം കരസ്ഥമാക്കി.
ഇന്ന് രാവിലെ 6.30ന് ജൂനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തോടെ മത്സരങ്ങൾ ആരംഭിക്കും. 4 x 100 റിലേ, 110 മീറ്റർ ഹർഡിൽസ് ഫൈനൽ മത്സരങ്ങളാണ് പ്രധാനം. ആകെ 30 ഫൈനലാണ്. മീറ്റ് നാളെ സമാപിക്കും.