ധർമപുരി (തമിഴ്നാട്)
ആത്മവിശ്വാസത്തിന്റെ കരുത്തും ഊർജവും പകർന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പാർടിയോടുള്ള വാച്ചാത്തിക്കാരുടെ സ്നേഹമായിരുന്നു എങ്ങും. ഭരണകൂടത്തിന്റെ തണലിൽ പൊലീസ്, വനം, റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ഹൃദയഭേദകമായി പീഡിപ്പിച്ചതിനെതിരെ നിയമപോരാട്ടം നടത്തി വിജയംനേടിയതിനെത്തുടർന്ന് വാച്ചാത്തിയിലെത്തിയ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന് ലഭിച്ചത് ആവേശകരമായ വരവേൽപ്പ്. 1992 ജൂൺ 20നാണ് വാച്ചാത്തിയിലെ ആദിവാസിവിഭാഗത്തെ എഐഎഡിഎംകെ സർക്കാരിന്റെ പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്. നീതിക്കായി കോടതിയിലും പുറത്തും 30 വർഷത്തിലേറെ പോരാടിയത് സിപിഐ എമ്മും തമിഴ്നാട് ട്രൈബൽ അസോസിയേഷനുമാണ്.
ബുധനാഴ്ച ധർമപുരി അരൂരിൽ ചേർന്ന പൊതുയോഗത്തിനെത്തിയ പ്രിയ നേതാവിനെ സ്ത്രീകളും കുട്ടികളുംചേർന്ന് പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും ഷാളണിയിച്ചും വരവേറ്റു. സിപിഐ എമ്മും ചെങ്കൊടിയും ഇല്ലായിരുന്നെങ്കിൽ അതിജീവിക്കില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സിപിഐ എം ധർമപുരി ജില്ലാ കമ്മിറ്റിയാണ് പൊതുയോഗം സംഘടിപ്പിച്ചത്. വാച്ചാത്തിയിൽനിന്നുമാത്രം ചെങ്കൊടിയേന്തി പൊതുയോഗത്തിനെത്തിയത് സ്തീകളും കുട്ടികളും ഉൾപ്പെടെ 400 പേർ. മറ്റിടങ്ങളിൽനിന്നും ജനം ഒഴുകിയെത്തി.
കേസിൽ നീതി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച നാട്ടുകാർ ഗ്രാമത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പറഞ്ഞു. പൊതുയോഗം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ കുമാർ അധ്യക്ഷനായി. വാച്ചാത്തി പോരാളി പരന്തായി അമ്മ അടക്കമുള്ളവരെ ആദരിച്ചു. സെപ്തംബർ 29നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. 126 വനംവകുപ്പ് ഉദ്യോഗസ്ഥർ, 84 പൊലീസ്, അഞ്ച് റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് ഒന്നുമുതൽ പത്തുവർഷംവരെ തടവാണ് വിധിച്ചത്.
വാച്ചാത്തി സിനിമയാകുന്നു
ഭരണനേതൃത്വ ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി സംഭവം തമിഴിൽ സിനിമയാകുന്നു. യൂണിഫോം അണിഞ്ഞ വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജയലളിത സർക്കാരിന്റെ പിന്തുണയോടെ ഒരു ഗ്രാമത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ക്രൂരതയും പിന്നീട് ഇരകളായ സ്ത്രീകൾ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പുമാണ് ദൃശ്യവൽക്കരിക്കുന്നത്. ചലച്ചിത്രതാരം രോഹിണിയാണ് സംവിധാനം. തിരക്കഥയൊരുക്കുന്നത് പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ്. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. ചിത്രീകരണം ഉടൻ തുടങ്ങും.