ന്യൂഡൽഹി
മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി യമനിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അവിടത്തെ ജയിലിലാണ് നിമിഷപ്രിയ. ശരിഅത്ത് നിയമാനുസരണം കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കൾ ‘ബ്ലഡ്മണി’ സ്വീകരിച്ചാൽ മാത്രമേ മോചനത്തിന് സാധ്യതയുള്ളൂ.
ഈ സാഹചര്യത്തിൽ യമനിലേക്ക് പോകാനും ഒത്തുതീർപ്പ് ചർച്ച നടത്താനും സൗകര്യമുണ്ടാകണം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ കാരണം ബന്ധുക്കൾക്കോ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്കോ യമനിലേക്ക് പോകാനാകാത്ത സാഹചര്യമാണ്. യാത്രാസൗകര്യം ഒരുക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയെങ്കിലും പാലിക്കുന്നില്ലെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.