ന്യൂഡൽഹി
രാഷ്ട്രീയത്തിൽ പരിചയസമ്പത്തോ ജനകീയതയോ ഇല്ലെങ്കിലും ദിയാകുമാരി രാജസ്ഥാനിൽ നേതൃത്വത്തിലേക്ക് വരട്ടെയെന്ന വാശിയിൽ മോദി–- അമിത് ഷാ കൂട്ടുകെട്ട്. വസുന്ധര രാജെ സിന്ധ്യയുടെ ചിറകരിഞ്ഞ് ജയ്പുർ രാജകുടുംബാംഗം ദിയാ കുമാരിയെ ഉയർത്തിക്കാട്ടുന്നതിൽ വ്യാപക പ്രതിഷേധമാണിപ്പോൾ. 41 സീറ്റിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ തലസ്ഥാനമായ ജയ്പുരിനോട് ചേർന്ന വിദ്യാദർ നഗർ മാത്രമാണ് സിറ്റിങ് സീറ്റ്. ഇവിടെത്തെ എംഎൽഎ നർപദ് സിങ് രാജ്വയെ ഒഴിവാക്കിയാണ് ലോക്സഭാംഗമായ ദിയാകുമാരിയെ പകരം സ്ഥാനാർഥിയാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വസുന്ധരയെവെട്ടി ദിയാ കുമാരിയെ ഉയർത്തുകവഴി മോദി–- ഷാ കൂട്ടുക്കെട്ടിന് രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, വാജ്പേയ്–- അദ്വാനി കാലത്തിൽ ഉയർന്നുവന്ന നേതൃത്വത്തെ അപ്പാടെ തുടച്ചുമാറ്റുക. രണ്ട്, തങ്ങളുടെ നിയന്ത്രണത്തിലുള്ളയാൾ രാജസ്ഥാനിൽ പാർടിയുടെ തലപ്പത്തുണ്ടാവുക. എന്നാൽ, രാജ്വി വിമതനായി വന്നാൽ വിദ്യാദർ നഗർ പിടിക്കുക ദിയാകുമാരിക്ക് എളുപ്പമാകില്ല.