തലശേരി
അതുല്യ സംഘാടകനും സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന്റെ 51–-ാം ചരമവാർഷികദിനം 20ന് തലശേരിയിൽ സമുചിതം ആചരിക്കും. വൈകിട്ട് നാലിന് തലശേരി ടൗണിൽ ബഹുജനപ്രകടനവും വളന്റിയർ മാർച്ചും പുതിയ ബസ്സ്റ്റാൻഡിൽ പൊതുസമ്മേളനവും നടക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എന്നിവർ സംസാരിക്കും. തലശേരിക്കോട്ട പരിസരത്തുനിന്ന് വളന്റിയർ മാർച്ചും അഞ്ച് കേന്ദ്രങ്ങളിൽനിന്ന് ബഹുജനപ്രകടനവും ആരംഭിക്കും. കതിരൂർ സി എച്ച് നഗറിലെ പ്രതിമയിൽ രാവിലെ 7.30നും കോടിയേരി പുന്നോലിലെ സ്മൃതിമണ്ഡപത്തിൽ ഒമ്പതിനും പുഷ്പർച്ചന.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തലശേരി സംഭാവനചെയ്ത രണ്ട് പ്രധാന നേതാക്കളാണ് സി എച്ച് കണാരനും കോടിയേരി ബാലകൃഷ്ണനും. ഒക്ടോബർ ഒന്നിന് കോടിയേരി ചരമദിനത്തിൽ ആരംഭിച്ച ‘കോടിയേരി–- സി എച്ച് ചിരസ്മരണ’ പരിപാടി സി എച്ച് സ്മൃതിദിനമായ വെള്ളിയാഴ്ച സമാപിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കാരായി രാജൻ, കൺവീനർ സി കെ രമേശൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി പി ശ്രീധരൻ, കാരായി ചന്ദ്രശേഖരൻ, മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുത്തു.