എടവണ്ണ > ആദിവാസി യുവാവിനെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ: ചലിയറിലെ സീതിഹാജി പാലത്തിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് ഓടായിക്കൽ കരിക്കാട്ട്മണ്ണ ആദിവാസി കോളനിയിലെ പരേതനായ പൊലിയപ്പാറ വീട്ടിൽ രാമൻ്റെ മകൻ ബാലൻ (38)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 7മണിയോടെയാണ് വെള്ളത്തിൽ പൊങ്ങി കിടക്കുന്നതായി നാട്ടുകാർ കണ്ടത്. നാട്ടുകാർ ഉടനെ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. ബാലൻ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടതാണെന്നാണ് നിഗമനം.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ബാലൻ പലപ്പോഴും വീട്ടിൽ ബഹളം ഉണ്ടാക്കുകയും, ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ബാലൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഒരാഴ്ചയായെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയും മക്കളും തെറ്റിപിരിഞ്ഞ് ഭാര്യ വീട്ടിലാണ് താമസം. സംഭവസ്ഥലം നിലമ്പൂർ ഡിവൈഎസ്പി ഷാജൂ കെ എബ്രഹാം സന്ദർശിച്ചു.
എടവണ്ണ സ്റ്റേഷൻ എസ്എച്ച്ഒ വി വിജയരാജൻ്റെ നേതൃത്വത്തിലുള്ള പൊലീസും എമർജൻസി റെസ്ക്യൂ ഫോയ്സ് അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നും കരയിലേക്ക് എത്തിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: മാദി. ഭാര്യ: പ്രിയ. മക്കൾ: ദേവിക, ദിവ്യ. സഹോദരങ്ങൾ: ബിന്ദു, സിന്ധു.