തിരുവനന്തപുരം > എ പി ജെ അബ്ദുൽ കലാം കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര മുന്നേറ്റം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജിൽ 36ലും എസ്എഫ്ഐ വിജയിച്ചു.
കാസർകോട് ജില്ലയിൽ ഒന്നിൽ ഒന്നും, കണ്ണൂരിൽ അഞ്ചിൽ അഞ്ചും, കോഴിക്കോട് മൂന്നിൽ രണ്ടും, വയനാട് ഒന്നിൽ ഒന്നും ,പാലക്കാട് രണ്ടിൽ രണ്ടും, തൃശ്ശൂരിൽ മൂന്നിൽ മൂന്നും, എറണാകുളത്ത് രണ്ടിൽ രണ്ടും, ഇടുക്കിയിൽ മൂന്നിൽ മൂന്നും, കോട്ടയത്ത് മൂന്നിൽ മൂന്നും, പത്തനംതിട്ടയിൽ മൂന്നിൽ മൂന്നും, ആലപ്പുഴയിൽ മൂന്നിൽ മൂന്നും, കൊല്ലത്ത് 5ൽ 5ഉം, തിരുവനന്തപുരത്ത് മൂന്നിൽ മൂന്നും കോളേജുകൾ എസ്എഫ്ഐ യൂണിയൻ നയിക്കും.
പാലക്കാട് ഗവ. എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം സിഇടി, വയനാട് മാനന്തവാടി ഗവ. എൻജിനീയറിങ് കോളേജ് എന്നിവ എസ്എഫ്ഐ തിരിച്ചു പിടിച്ചു. എസ്എഫ്ഐ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർഥികളെയും, വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റെ കെ അനുശ്രീയും സെക്രട്ടറി പി എം ആർഷോയും പ്രസ്താവനയിൽ പറഞ്ഞു.