അബുദാബി> മാധ്യമങ്ങൾ നുണകളെ ഗർഭം ധരിക്കുന്ന ഗര്ഭപാത്രങ്ങളായി മാറിയിരിക്കുന്നു.സർക്കാരിനെതിരെയുള്ള എല്ലാ നുണകളും തകർന്നടിഞ്ഞപ്പോൾ ഇടതുപക്ഷ നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ നുണകൾ കെട്ടിച്ചമച്ച് ഒറ്റയ്ക്കൊറ്റയ്ക്ക് ആക്രമിക്കുന്ന രീതിയാണ് അവർ ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അവസാനത്തെ ഇരയാണ് മന്ത്രി വീണാ ജോർജ്ജ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ അഭിപ്രായപ്പെട്ടു.അബൂദാബി കേരള സോഷ്യൽ സെന്ററിൽ നോർക്ക റൂട്ട്സ് പ്രവാസി ഐ ഡി കാർഡ് പ്രചാരണ മാസം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഏതെങ്കിലും സ്ഥാപനങ്ങൾ കേരളത്തിൽ നിന്നും പോയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ചിലകാരങ്ങൾ ഉണ്ടാകുമെന്നും അത് ഒരിക്കലും കേരളത്തിന്റെ കുറവ് കൊണ്ടോ സംസ്ഥാന സർക്കാരിന്റെ കുറവ് കൊണ്ടോ ആയിരിക്കില്ലെന്നും മറ്റു പലകാരണങ്ങൾ ഉണ്ടായിരിക്കാമെന്നും അവർ തുടർന്ന് പറഞ്ഞു.
നിയമത്തിനുള്ളിൽ കേരളത്തിൽ ഒരു സ്ഥാപനം ആരംഭിച്ചാൽ ഒരാൾക്കും തടയാനാകില്ല. കേരളത്തെ കുറിച്ച് വളരെ മോശമായിട്ടാണ് കേരളത്തിന് പുറത്ത് പ്രചരിപ്പിക്കുന്നത്. പ്രവാസികൾക്ക് കേരളത്തിൽ വ്യവസായം ആരംഭിക്കുന്നതിന് ആശങ്ക വേണ്ട. ചില സ്ഥാപനങ്ങൾ കേരളത്തിൽ നിന്നും ഒഴിവായി പോകുന്നതിന് ചിലകാരണങ്ങളുണ്ടെന്നും ആ കാരണം അത് ഉണ്ടാക്കിയവർ തന്നെ ആയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വികസന കാര്യത്തിൽ കേരളം ഒരുപാട് മാറിക്കഴിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത വികസനമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ളവ വളരെ വേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ എന്നിവയുടെ ചിത്രങ്ങൾ പൂർണ്ണമായും മാറി കഴിഞ്ഞു.
സാധാരണക്കാരുടേത് പോലെ തന്നെ ധനികരുടേയും ആശാകേന്ദ്രമാണ് ഇന്ന് കേരളത്തിലെ സർക്കാർ ആശുപത്രികൾ. ആശുപത്രികളുടെ അടിസ്ഥാന സൗകര്യം ഉയർന്നതോടെ ദിവസവും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു കഴിഞ്ഞു. പത്ത് സർക്കാർ ജില്ലാ ആശുപത്രികളിൽ ഇതിനകം 10 കാത്ത് ലാബ് സ്ഥാപിച്ചുകഴിഞ്ഞു. സ്വാകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇന്ന് സർക്കാർ ആശുപത്രികളിൽ കേവലം 5 രൂപയുടെ ഒപി ടിക്കറ്റിൽ അവസാനിപ്പിക്കുകയാണ്.
പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ഒട്ടേറെ ക്ഷേമ പദ്ധതികൾ കേരളത്തിൽ ആരംഭിച്ചു. സംരംഭം ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികൾ പ്രവാസികൾക്കുണ്ട്. ഒരു ലക്ഷം സംരംഭങ്ങൾക്ക് സർക്കാർ സബ്സിഡി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു.സർക്കാർ ഓരോ വികസനപ്രവർത്തനങ്ങൾ നടത്തുമ്പോഴും ആ വികസനപ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പകരം കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വാർത്തകളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പി. പി. ദിവ്യ വ്യക്തമാക്കി.കെ എസ് സി പ്രസിഡന്റ് എ കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും കായിക വിഭാഗം ജോ. സെക്രട്ടറി സുഭാഷ് മാടെക്കടവ് നന്ദിയും പറഞ്ഞു.