ന്യൂഡൽഹി> ന്യൂസ്ക്ലിക്ക് എഡിറ്ററുടെയും എച്ച്ആർ വിഭാഗം മേധാവിയുടെയും ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും. യുഎപിഎ നിയമപ്രകാരമുള്ള അറസ്റ്റ്, കസ്റ്റി ചോദ്യം ചെയ്ത് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഡൽഹി ഹൈക്കോടതി ഇവരുടെ ഹർജികൾ തള്ളിയിരുന്നു.
ബുധനാഴ്ച്ച സുപ്രീംകോടതി ഹർജികൾ പരിഗണനയ്ക്ക് എടുത്തെങ്കിലും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരിശോധിക്കേണ്ടതിനാൽ വാദംകേൾക്കൽ വ്യാഴാഴ്ച്ചത്തേക്ക് മാറ്റുന്നുവെന്നാണ് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, പി കെ മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചത്.
ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ന്യൂസ്ക്ലിക്ക് ഓഫീസുകളിലും ജീവനക്കാരുടെ വസതിളിലും മറ്റും നടത്തിയ റെയ്ഡുകൾക്ക് ഒടുവിൽ ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. പോളിയോ ബാധിതനായി കടുത്ത ശാരീരികഅവശതകൾ നേരിടുന്ന വ്യക്തിയാണ് അമിത് ചക്രവർത്തി. പ്രബീർപുർകായസ്തയ്ക്ക് 74 വയസായി. അറസ്റ്റിനുള്ള കാരണങ്ങൾ പോലും വിശദീകരിക്കാതെയാണ് ഇരുവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.