തിരുവനന്തപുരം > സമൂഹമാധ്യമങ്ങളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ രംഗത്ത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ ‘മെറ്റ’യുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ്.
കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ, മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാകും ആദ്യ സന്ദേശമെത്തുക. യഥാർഥ സന്ദേശമാണെന്നു കരുതി ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ പാലിച്ചാൽ യൂസർനെയിമും പാസ്വേഡുമെല്ലാം തട്ടിപ്പുകാരുടെ കൈയിലെത്തും. തിരികെക്കിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. അക്കൗണ്ടുകൾ വിട്ടുകിട്ടണമെങ്കിൽ ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ പണം നിക്ഷേപിക്കണമെന്നതടക്കം ആവശ്യപ്പെടും. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഇത്തരം അക്കൗണ്ടുകൾക്കും ഇ–-മെയിലിനും ഊഹിച്ചെടുക്കാൻ കഴിയാത്ത പാസ്വേഡുകൾ ഉപയോഗിക്കണം. ഇത് ഇടയ്ക്കിടെ മാറ്റണം. ജന്മദിനം, വർഷം, ഫോൺ–-വാഹന നമ്പർ, കുടുംബാംഗങ്ങളുടെ പേര് മുതലായവ ഉൾപ്പെടുത്തിയുള്ള പാസ്വേഡുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. മൊബൈൽഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെട്ടാൽ അതിൽ ലോഗിൻ ചെയ്തിരിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളും സുരക്ഷിതമാക്കണം. ഇ––മെയിൽ, മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും എസ്എംഎസുകളോടും പ്രതികരിക്കുന്നതിൽ സൂക്ഷ്മത വേണമെന്നും പൊലീസ് പറയുന്നു.