എ കുഞ്ഞനന്തൻ നഗർ ( കായംകുളം) > തപാൽ മേഖലയെ കോർപറേറ്റുവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരണങ്ങൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ ) കേരള സർക്കിൾ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യമൊരുക്കാതെയും ദീർഘവീക്ഷണം ഇല്ലാതെയും നടപ്പാക്കുന്ന പദ്ധതികൾ സേവന കാര്യക്ഷമതയെ സാരമായി ബാധിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയെ കമ്പനിവൽക്കരിച്ച് കോർപറേറ്റുകൾക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കം. 20 ലക്ഷം കോടി നിക്ഷേപമുള്ള പോസ്റ്റോഫീസ് സേവിങ് ബാങ്ക്, 6 ലക്ഷം കോടി നിക്ഷേപമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ കോർപറേറ്റുകളെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗ്രാമീണ ഡാക് സേവക് ജീവനക്കാരെ കേന്ദ്രസർക്കാർ ജീവനക്കാരാക്കുക, ആർ എം എസിനെ സംരക്ഷിക്കുക, മതനിരപേക്ഷതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും എതിരായ ഭരണകൂട കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. മഹിള സമ്മേളനം മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ ഏകോപന സമിതി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. യു പ്രതിഭ എംഎൽഎ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ പ്രസാദ് എന്നിവർ സംസാരിച്ചു.
പി കരുണാകരൻ ചെയർമാൻ, പി കെ മുരളീധരൻ കൺവീനർ
കായംകുളം > നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന ചെയർമാനായി പി കരുണാകരനെയും കൺവീനറായി പി കെ മുരളീധരനെയും 40––ാം സംയുക്ത സർക്കിൾ സമ്മേളനം തെരഞ്ഞെടുത്തു. ജെ നൈസാം വൈസ് ചെയർമാനും മുഹമ്മദ് മാഹീൻ ട്രഷററുമാണ്.
ഘടക സംഘടന ഭാരവാഹികൾ: -പോസ്റ്റൽ 3: മാത്യൂസ് മാത്യു(പ്രസിഡന്റ്), പി കെ മുരളീധരൻ (സെക്രട്ടറി). പോസ്റ്റൽ 4: പി ശിവദാസ് (പ്രസിഡന്റ്), എ ബി ലാൽ കുമാർ (സെക്രട്ടറി). ജിഡിഎസ്: എൻ പി ലാലൻ (പ്രസിഡന്റ്), കെ ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി). ആർഎംഎസ് 3: മുരളീ മോഹൻ (പ്രസിഡന്റ്), ജെ നൈസാം (സെക്രട്ടറി). ആർഎംഎസ്. 4: സുകുമാരൻ (പ്രസിഡന്റ്), ആർ എസ് സുരേഷ് കുമാർ (സെക്രട്ടറി). എസ്ബിസിഒ: പി ജി അശ്വിൻ (പ്രസിഡന്റ്), അഭിലാഷ് ബാബു (സെക്രട്ടറി).