കൊല്ലം > അധ്യാപികയെ ചിരവയ്ക്ക് തലയ്ക്കടിച്ചും ഷാൾകൊണ്ട് കഴുത്തുഞെരിച്ചും കൊന്ന കേസിൽ സർക്കാർ ജീവനക്കാരനായ ഭർത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ശാസ്താംകോട്ട രാജഗിരി അനിതാഭവനിൽ അനിതാ സ്റ്റീഫനെ കൊലപ്പെടുത്തിയ ആഷ്ലി സോളമനെ (50) ആണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം രണ്ടുവർഷം അധിക കഠിനതടവും വിധിച്ചു. ഇവരുടെ മക്കളെ പുനരധിവസിപ്പിക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശവും നൽകി.
ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പ്രതി സസ്പെൻഷനിലാണ്. 2018 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അവിഹിതബന്ധം സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഇതേത്തുടർന്ന് അനിതയെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ട ദിവസം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ മനോജ് ഹാജരായി. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.