മലപ്പുറം > മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ കടുത്ത വിമർശം. മുസ്ലിംലീഗ് പ്രവർത്തകർതന്നെയാണ് ‘കുറച്ചുകാലത്തേക്ക് ദയവുചെയ്ത് മിണ്ടാതിരിക്കൂ’ എന്നതുൾപ്പെടെയുള്ള കമന്റുകൾ കുറിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ സലാമിന്റെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ‘ഇപ്പോഴത്തെ എസ്കെഎസ്എസ്എഫ് പ്രസിഡന്റിനെ ആരെങ്കിലും അറിയുമോ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കത്തിൽ ഒപ്പിടുമ്പോഴാണ് അറിയുക’ എന്ന ഒടുവിലത്തെ പ്രസ്താവനയാണ് സമസ്തയുടെ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
‘എസ്കെഎസ്എസ്എഫ് പ്രസിഡന്റിനെ അറിയാത്ത ലീഗിലെ ആദ്യ സെക്രട്ടറി’ എന്നാണ് സലാമിന്റെ പോസ്റ്റിനുതാഴെയുള്ള കമന്റ്. കഴിഞ്ഞദിവസങ്ങളിൽ പി എം എ സലാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുചെയ്ത ഓരോ കുറിപ്പിനുതാഴെയും മുസ്ലിംലീഗ് പ്രവർത്തകരുടെ ഇത്തരം അഭിപ്രായങ്ങളുണ്ട്.
‘ഞാൻ ഉൾക്കൊള്ളുന്ന പാർടിയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട സെക്രട്ടറിയായി സലാം നിങ്ങളെ അടയാളപ്പെടുത്താതിരിക്കട്ടെ’ എന്ന് ഒരാൾ പരിതപിച്ചെങ്കിൽ ‘പാണക്കാട്ടെ മുറ്റത്ത് സമരം നടത്തി സെക്രട്ടറിസ്ഥാനം നേടിയ നേതാവേ നിങ്ങളേക്കാൾ കൂടുതൽ ഹരിതക്കൊടിത്തണലിൽനിന്ന പാരമ്പര്യത്തിന്റെ ബലത്തിൽതന്നെ പറയട്ടെ ദയവുചെയ്ത് ഒന്ന് വായപൂട്ടി നിൽക്കാമോ. പ്രസ്ഥാനത്തിന്റെ ഇസ്സത്ത് തകർക്കരുത്’– എന്നാണ് മറ്റൊരു അഭ്യർഥന.
സലാം ഹമീദലി തങ്ങളെ കണ്ടു
വിവാദം തണുപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ഓൺലൈൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഹമീദലി തങ്ങൾക്കെതിരെ പി എം എ സലാം നടത്തിയ പ്രസ്താവന വിവാദമായതിനാലാണ് ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള സന്ദർശനം.കഴിഞ്ഞദിവസംതന്നെ സലാം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.