ബെനോലിം (ഗോവ) > സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗോളടിച്ച് മുന്നേറിയ കേരളത്തിന് ഗോവൻ ഷോക്ക്. ഗ്രൂപ്പ് എയിലെ അവസാന കളിയിൽ ഒരു ഗോളിന് തോറ്റു. സമനിലയാണെങ്കിൽപ്പോലും ഫൈനൽ റൗണ്ട് ഉറപ്പായിരുന്ന കേരളത്തിന് ഇനി മറ്റ് ടീമുകളുടെ ഫലത്തിനായി കാത്തിരിക്കണം. ഗ്രൂപ്പ് ചാമ്പ്യൻമാരായി ഗോവ മുന്നേറി. ഗോവയ്ക്ക് 10ഉം രണ്ടാംസ്ഥാനക്കാരായ കേരളത്തിന് ഒമ്പതും പോയിന്റാണ്.
ആകെ 12 ടീമുകളാണ് ഫൈനൽ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരും റണ്ണറപ്പും ആതിഥേയരും യോഗ്യത ഉറപ്പാക്കി. ശേഷിക്കുന്ന ഒമ്പത് ടീമുകൾ ആറ് ഗ്രൂപ്പുകളിൽനിന്ന് മുന്നേറും. ആറ് ഗ്രൂപ്പിലെയും ഒന്നാംസ്ഥാനക്കാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്കെത്തുക. മികച്ച ഗോൾ വ്യത്യാസത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. 12 ഗോളടിച്ചപ്പോൾ രണ്ടെണ്ണംമാത്രം വഴങ്ങി. മറ്റ് ഗ്രൂപ്പുകളിൽ ആറ് ടീമുകളാണുള്ളത്. ആതിഥേയരായ അരുണാചൽപ്രദേശ് ഉൾപ്പെട്ടതിനാൽ കേരളത്തിന്റെ ഗ്രൂപ്പിൽ അഞ്ച് ടീമുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവസാന മൂന്ന് കളിയിൽ 12 ഗോൾ അടിച്ചുകൂട്ടിയ മുൻ ചാമ്പ്യൻമാർ ഗോവയ്ക്കെതിരെ കളി മറന്നു. സമനിലയ്ക്കുവേണ്ടിയെന്നതുപോലെയായിരുന്നു കളി. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ അതിനുള്ള തിരിച്ചടി കിട്ടി. 57–-ാംമിനിറ്റിൽ ട്രിജോയ് സാവിയോ ഡയസ് ഗോവയ്ക്കായി ലക്ഷ്യംകണ്ടു. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരളത്തിന് ഗോവയ്ക്കെതിരെ ഒഴുക്കോടെ പന്ത് തട്ടാനായില്ല.