പുണെ > ആദ്യ മൂന്ന് കളിയിലും രണ്ടാമത് ബാറ്റ് ചെയ്താണ് ഇന്ത്യ ജയംപിടിച്ചത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നാളെ നാലാംമത്സരത്തിന് ഇറങ്ങുമ്പോൾ റണ്ണിൽതന്നെയാണ് കണ്ണ്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൻ സ്കോർ പിറക്കുമെന്നാണ് കണക്കുകൂട്ടൽ. പുണെയിൽ ഈ ലോകകപ്പിലെ ആദ്യകളിയാണ്.
മറുവശത്ത് ആദ്യകളി ജയിച്ചശേഷം രണ്ടിലും തോറ്റാണ് ബംഗ്ലാദേശ് എത്തുന്നത്. ഒരു തോൽവി പുറത്തേക്കുള്ള വഴിയാകും ഷാക്കിബ് അൽ ഹസ്സനും സംഘത്തിനും. പുണെയിൽ കഴിഞ്ഞ 14 ഇന്നിങ്സിൽ എട്ടെണ്ണത്തിലും സ്കോർ 300 കടന്നിരുന്നു. അവസാനമായി ഇന്ത്യ കളിച്ചത് ഇംഗ്ലണ്ടിനോടാണ്. അന്ന് രണ്ട് ടീമും 300 കടന്നു. ഇന്ത്യ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയർത്തിയ 351 റൺ ലക്ഷ്യം 48.1 ഓവറിൽ ഇന്ത്യ മറികടന്നു. കോഹ്-ലിയും കേദാർ ജാദവും അന്ന് സെഞ്ചുറി നേടി.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരുടെ ബാറ്റുകളിലാണ് ഇന്ത്യൻ പ്രതീക്ഷ. മൂന്ന് കളിയിൽ 11 സിക്സർ അടിച്ചുകൂട്ടിയ രോഹിത് ഇവിടെയും സിക്സർ വിരുന്ന് ഒരുക്കിയേക്കും. പാകിസ്ഥാനെതിരെ ഒന്നാന്തരം പ്രകടനമായിരുന്നു രോഹിതിന്റേത്. ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മുഹമ്മദ് ഷമി കളിക്കാനെത്തും. ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സൻ കളിച്ചേക്കും.