സരജാവോ > യൂറോ കപ്പ് ഫുട്ബോൾ യോഗ്യത ഉറപ്പാക്കിയ പോർച്ചുഗൽ വിജയക്കുതിപ്പ് തുടരുന്നു. ബോസ്നിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത പോർച്ചുഗൽ യോഗ്യതാ പോരാട്ടത്തിലെ തുടർച്ചയായ എട്ടാംജയം കുറിച്ചു. ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പടനയിച്ച പോരാട്ടത്തിൽ ആദ്യപകുതിയിലാണ് പറങ്കികൾ അഞ്ച് ഗോളും നേടിയത്. ബ്രൂണോ ഫെർണാണ്ടസ്, ജോയോ കാൻസെലോ, ജോയോ ഫെലിക്സ് എന്നിവരും ലക്ഷ്യംകണ്ടു. റോണോയ്ക്ക് രാജ്യാന്തര ഫുട്ബോളിൽ 127 ഗോളായി.
24 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് പോർച്ചുഗൽ.
എട്ട് കളിയിൽ ഒമ്പത് പോയിന്റ് മാത്രമുള്ള ബോസ്നിയ അഞ്ചാമതാണ്. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ സ്ലോവാക്യ എതിരില്ലാത്ത ഒരു ഗോളിന് ലക്സംബർഗിനെ മറികടന്ന് യൂറോ യോഗ്യത നേടി. 77–-ാംമിനിറ്റിൽ ഡേവിഡ് ഡ്യൂറിസാണ് വിജയഗോൾ നേടിയത്. എട്ട് കളിയിൽ 16 പോയിന്റുള്ള സ്ലോവാക്യ ഗ്രൂപ്പിൽ രണ്ടാമതാണ്. 11 പോയിന്റുമായി ലക്സംബർഗാണ് മൂന്നാമത്.
ഗ്രൂപ്പ് ബിയിൽ രണ്ടാമതുണ്ടായിരുന്ന ഗ്രീസിനെ പരിക്കുസമയക്കളിയിലെ പെനൽറ്റി ഗോളിൽ മറികടന്ന് നെതർലൻഡ്സ് രണ്ടാംസ്ഥാനത്തേക്ക് കയറി. 93–-ാംമിനിറ്റിൽ വിർജിൽ വാൻ ഡിക്കാണ് ഡച്ചുകാരുടെ വിജയഗോൾ നേടിയത്. ആറ് കളിയിൽ 12 പോയിന്റുമായി ഫ്രാൻസിനുപിന്നിൽ രണ്ടാമതാണ് നെതർലൻഡ്സ്. ഏഴ് കളിയിൽ 12 പോയിന്റുമായി ഗ്രീസ് മൂന്നാംസ്ഥാനത്തേക്കിറങ്ങി.