ധർമശാല > അഫ്ഗാനിസ്ഥാൻ കൊളുത്തിവിട്ട പോരാട്ടവീര്യത്തിനൊപ്പം നെതർലൻഡ്സും. റണ്ണടിച്ചുകൂട്ടി മുന്നേറിയ ദക്ഷിണാഫ്രിക്കയെയാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന നെതർലൻഡ്സ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയിൽ തുരത്തിവിട്ടത്. ധർമശാലയിൽ മഴകാരണം 43 ഓവറാക്കി ചുരുക്കിയ കളിയിൽ 38 റണ്ണിനായിരുന്നു ഡച്ച് ജയം.
മഴകാരണം കളി വൈകിയാണ് തുടങ്ങിയത്. ഡച്ചുകാർ ബാറ്റ് ചെയ്തു. എട്ട് വിക്കറ്റിന് 245 റണ്ണാണ് നേടിയത്. കേൾവികേട്ട ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ഡച്ചുകാരുടെ അച്ചടക്കമുള്ള ബൗളിങ് പ്രകടനത്തിനുമുന്നിൽ നമിക്കുന്നതാണ് പിന്നെ കണ്ടത് 42.5 ഓവറിൽ 207 റണ്ണിന് അവർ കൂടാരം കയറി. 69 പന്തിൽ 78 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സും 19 പന്തിൽ 29 റണ്ണും രണ്ട് വിക്കറ്റും നേടിയ വാർഡെർ മെർവുമാണ് നെതർലൻഡ്സിന്റെ വിജയശിൽപ്പികൾ.
അഞ്ചാംലോകകപ്പ് കളിക്കുന്ന നെതർലൻഡ്സിന്റെ മൂന്നാംജയംമാത്രമാണിത്. 2003ൽ നമീബിയയെയും 2007ൽ സ്-കോട്ലൻഡിനെയും തോൽപ്പിച്ചിട്ടുണ്ട്. 18 കളികളിൽ തോറ്റു. 21–-ാംഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 82 റണ്ണെന്ന നിലയിലായിരുന്നു ഡച്ചുകാർ. എന്നാൽ, ക്യാപ്റ്റൻ എഡ്വേർഡ്സ് വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ തകർപ്പൻ പോരാട്ടം അവരെ മികച്ച സ്കോറിലെത്തിച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റന്റെ ഇന്നിങ്സിൽ ഒരു സിക്സറും 10 ഫോറും ഉൾപ്പെട്ടു. പത്താമനായെത്തിയ ആര്യൻ ദത്ത് ഒമ്പത് പന്തിൽ 23 റണ്ണടിച്ചു.
മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ പിഴച്ചു. തുടർച്ചയായ രണ്ട് സെഞ്ചുറിയുമായെത്തിയ ക്വിന്റൺ ഡി കോക്കിനെ (20) അക്കെർമാൻ മടക്കി. ക്യാപ്റ്റൻ ടെംബ ബവുമയുടെ (16) കുറ്റിപിഴുത് വാൻഡെർ മെർവും ഒപ്പം ചേർന്നു. ലോകകപ്പിലെ അതിവേഗ സെഞ്ചുറിക്കാരൻ എയ്ദൻ മാർക്രത്തിന്റെ (1) വിക്കറ്റ് പോൾ മീക്കെരെനും കൊണ്ടുപോയതോടെ ദക്ഷിണാഫ്രിക്കയുടെ താളം നിലച്ചു. ഒരറ്റത്ത് പൊരുതിയ ഡേവിഡ് മില്ലർക്കും (43) ടീമിനെ ജയത്തിലെത്തിക്കാനായില്ല. വാലറ്റത്ത് കേശവ് മഹാരാജാണ് (40) ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. ഡച്ചിനായി ലോഗൻ വാൻ ബീക്ക് മൂന്ന് വിക്കറ്റ് നേടി. മീക്കെരെൻ, ബാസ് ഡി ലീഡെ എന്നിവർ രണ്ട് വിക്കറ്റെടുത്തു. കഴിഞ്ഞദിവസം ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചിരുന്നു.