കുന്നംകുളം > പാലക്കാടൻ കാറ്റിൽ 18 വർഷം മാഞ്ഞു. സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിലാണ് പുതിയ റെക്കോഡുകാരൻ അവതരിച്ചത്. മാത്തൂർ സിഎഫ്ഡി സ്കൂൾ പ്ലസ്ടു വിദ്യാർഥി അഭിരാം 48.02 സെക്കൻഡിൽ പുതിയ സമയം കുറിച്ചു. 2005ൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വി ബി ബിനീഷ് കുറിച്ച 48.23 സെക്കൻഡാണ് മായ്ച്ചത്.
കായികാധ്യാപകൻ കെ സുരേന്ദ്രന്റെ കീഴിലാണ് പരിശീലനം. മാത്തൂർ അമ്പാട്ട് വീട്ടിൽ പ്രമോദിന്റെയും മഞ്ജുഷയുടെയും മകനാണ്. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ആദ്യദിനം രണ്ട് റെക്കോഡുകളാണ് പിറന്നത്. സീനിയർ ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ സി സെർവാൻ 57.71 മീറ്റർ എറിഞ്ഞ് റെക്കോഡിട്ടു. സഹോദരൻ കെ സി സിദ്ധാർത്ഥിന്റെ പേരിൽ 2018ലുള്ള റെക്കോഡാണ് തകർത്തത്.
നിലവിലെ ജേതാക്കളായ പാലക്കാട് 50 പോയിന്റുമായി കുതിപ്പ് തുടങ്ങി. മലപ്പുറം 37 പോയിന്റോടെ രണ്ടാമതാണ്. കാസർകോട് മൂന്നാമതെത്തി. 20ന് അവസാനിക്കുന്ന മീറ്റ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.