കുന്നംകുളം > സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യദിനംതന്നെ ആവേശപ്പോര്. ഹാട്രിക് സ്വപ്നവുമായി കുതിക്കുന്ന പാലക്കാടിനെ പിടിക്കാൻ മലപ്പുറം ഒപ്പമുണ്ട്. ഏഴ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 50 പോയിന്റുമായാണ് പാലക്കാട് കുതിക്കുന്നത്. നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം 37 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തുണ്ട്. മൂന്ന് സ്വർണ്ണത്തോടെ 22 പോയിന്റുമായി കാസർകോടാണ് മൂന്നാമത്. 17 പോയിന്റുമായി എറണാകുളം നാലാമതുണ്ട്.
സ്കൂൾ വിഭാഗത്തിൽ 18 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്. ജമ്പിങ് ഇനങ്ങളിലെ മികവാണ് ഐഡിയലിന്റെ ആദ്യദിനം ഒന്നാമതെത്തിച്ചത്. 14 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാംസ്ഥാനത്തും 13 പോയിന്റുമായി കുട്ടമത്ത് സ്കൂൾ മൂന്നാംസ്ഥാനത്തുമാണ്.
ആദ്യദിനത്തിൽ സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽകാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ സി സെർവനും സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി അഭിറാമും സംസ്ഥാന റെക്കോഡും സ്വന്തമാക്കി. ആദ്യദിനത്തിൽ ആതിഥേയ ജില്ലയ്ക്ക് ഒരു വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ബുധൻ രാവിലെ 6.30ന് സീനിയർ ബോയ്സ് 5000 മീറ്റർ നടത്തത്തോടെ രണ്ടാംദിനമത്സരം ആരംഭിക്കും. വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനലാണ് ഇന്നത്തെ മുഖ്യ ആകർഷണം. 400 മീറ്റർ ഹർഡിൽസ് അടക്കം 22 ഫൈനലുണ്ട്.പാലക്കാടിനെ പിടിക്കാൻ മലപ്പുറം