ഗാസ > ‘തകർന്ന കെട്ടിടങ്ങൾക്കടിയിൽനിന്ന് അവരുടെ നിലവിളി കേൾക്കാം. ഒന്നും ചെയ്യാനാകുന്നില്ല. വലിയ സിമന്റ് ബ്ലോക്കുകളും മറ്റും മാറ്റാൻ ഉപകരണങ്ങളില്ല. വെറുംകൈ ഉപയോഗിച്ച് സാധ്യമാകുന്നതെല്ലാം ചെയ്ത് അടുത്തെത്തുംമുന്നേ അവർ നിത്യനിശ്ശബ് ദതയിലാകുന്നു’–- സഹായത്തിനായുള്ള ഉറ്റവരുടെ നിലവിളികൾ വിറങ്ങലിപ്പിച്ച ജനങ്ങളാണ് ഗാസയിൽ എങ്ങും.
ഇസ്രയേൽ കര, നാവിക, വ്യോമസേനകളുടെ തുടർ ബോംബാക്രമണങ്ങളിൽ ദുരന്തം പെയ്യുകയാണ്. വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്ന സൈന്യം അവിടെയും ബോംബിടുന്നു.
റാഫയിലും ഖാൻ യൂനിസിലും തിങ്കൾ രാത്രി ഇസ്രയേൽ ബോംബിട്ടതിൽ 80 പേർ മരിച്ചു. മധ്യഗാസയിൽ നാലായിരം പേരെ പാർപ്പിച്ച അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. വൻനാശനഷ്ടമുണ്ടായി. മരണവിവരം പുറത്തുവന്നിട്ടില്ല. യുഎൻ നടത്തുന്ന സ്കൂളിലാണ് അഭയാർഥി ക്യാമ്പ് പ്രവർത്തിച്ചത്. ഗാസയിലെ ആശുപത്രിക്കുനേരെയും ഇസ്രയേൽ വ്യോമാക്രമണമുണ്ടായി. നൂറിലധികംപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ പരിക്കേറ്റവർ ചികിത്സിയിലുള്ള അൽഅഹ്ലി ആശുപത്രിക്കുനേരെയാണ് ആക്രമണം.
യന്ത്രസാമഗ്രികൾ ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 500 കുട്ടികൾ ഉൾപ്പെടെ 1200ൽ അധികംപേരെ പുറത്തെടുക്കാനാകുന്നില്ല. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ല. വെള്ളവും വൈദ്യുതിയുമില്ല. വേദനസംഹാരികൾ ലഭിക്കാനില്ല. പറഞ്ഞറിയിക്കാനാകാത്ത ഭയമാണ് ചുറ്റും– -പലസ്തീൻകാരനായ ഡോക്ടർ അഹമ്മദ് ഷഹീൻ പറഞ്ഞു. ഗാസയിലെ 23 ലക്ഷം പേർ ഉപ്പുവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കേണ്ട സ്ഥിതിയാണ്. കടലിനടുത്ത് കിണർ കുഴിക്കാൻ ആളുകൾ നിർബന്ധിതരായി. ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശുപത്രികളിലും ഇന്ധനം തീരാറായി.ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 ആയി. മൂന്നിലൊന്ന് കുട്ടികളാണ്. 16 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. 12,500 പേർക്ക് പരിക്ക്. ഇസ്രയേലിൽ 1400-ലധികം പേർ കൊല്ലപ്പെട്ടു.