ന്യൂഡൽഹി > പൊലീസ്, ഫയർ സർവീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസ് വിഭാഗങ്ങൾക്ക് നൽകുന്ന രാഷ്ട്രപതിയുടെ മെഡലുകൾ ഏകോപിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ എന്ന പേരിലാകും ഇവ അറിയപ്പെടുക. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ വിശേഷ ദിവസങ്ങളിലാണ് രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിക്കുന്നത്.
ഒക്ടോബർ 14-നാണ് മെഡലുകൾ ഒന്നാക്കിയ വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയത്. കേന്ദ്രസേനകൾ, സുരക്ഷാ ഏജൻസികൾ, അന്വേഷണ ഏജൻസികൾ, അഗ്നിശമനസേന, കേന്ദ്ര മന്ത്രാലയങ്ങൾ-, വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ജയിൽ അഡ്മിനിസ്ട്രേഷൻ, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് എന്നിവയിലെ അപൂർവവും ധീരവുമായ പ്രവൃത്തിക്കാണ് മെഡൽ നൽകുക.