ചങ്ങനാശേരി > കുറിച്ചി പഞ്ചായത്തിലും വിനോദസഞ്ചാര മേഖലയ്ക്ക് സാധ്യതയൊരുക്കി അഞ്ചലശേരിയിൽനിന്ന് കുമരകം പാതിരാമണൽ കാണാൻ ശിക്കാര ബോട്ട് സർവീസ് ഒരുങ്ങുന്നു. യുവ സംരംഭകരായ നന്ദകിഷോറും നന്ദകുമാറുമാണ് പുതിയ ആശയവുമായി രംഗത്ത് വന്നത്.
ആറായിരം കായൽ, വിളക്കുമരം, ആർ ബ്ലോക്ക്, കുമരകം പാതിരാമണൽ ഭാഗത്തേക്കാണ് ഉല്ലാസ യാത്രാസൗകര്യം ഒരുക്കുന്നത്. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മനോഹരമായ പ്രദേശമാണ് അഞ്ചലശേരി. അഞ്ചലശ്ശേരിയിൽ ആമ്പൽ വസന്തം കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. പ്രദേശത്തെ വിനോദസഞ്ചാര സാധ്യത മനസ്സിലാക്കി കുറിച്ചി പഞ്ചായത്ത് അഞ്ചലശ്ശേരിയെ ടൂറിസം ഡെസ്റ്റിനേഷനായി തെരെഞ്ഞെടുത്തിരുന്നു. കൊല്ലം മൺറോതുരുത്തിൽനിന്ന് ശിക്കാര ബോട്ട് എത്തിച്ചിട്ടുണ്ട്. യാത്രികർക്കായി കുട്ടനാടൻ വിഭവങ്ങൾ ഒരുക്കാൻ ഫുഡ് കോർണറും ഒരുങ്ങിക്കഴിഞ്ഞു.
കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണനത്തിനും സാധ്യത തേടുന്നുണ്ട്. വ്യാഴാഴ്ച അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്യും. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷനാകും. ബോട്ട് സർവീസിനും അന്വേഷണങ്ങൾക്കുമായി ബന്ധപ്പെടണ്ട നമ്പർ: 70227 01105, 8921296978.