കോഴിക്കോട് > വൻകിട കമ്പനിയുടെ ചായപ്പൊടി വിറ്റ് അഞ്ചുകോടി രൂപയുടെ ഫണ്ട് സമാഹരിക്കാൻ വനിതാലീഗ് തീരുമാനം. ‘ടീ ഗാല കളക്ഷൻ ഫീസ്റ്റ്’ എന്ന പേരിൽ ഒരു മാസം ചായപ്പൊടി കച്ചവടം ചെയ്തുള്ള ധനശേഖരണത്തെച്ചൊല്ലി വനിതാലീഗിൽ വിവാദമുയർന്നിട്ടുണ്ട്. പ്രവർത്തകരെ അവഹേളിക്കുന്ന പരിപാടിയെന്ന് ചില നേതാക്കൾ പരാതിപ്പെട്ടു. ‘ചായപ്പൊടി ഫണ്ടിനെ’ കളിയാക്കി സമൂഹമാധ്യമങ്ങളിലും വിമർശമുണ്ട്.
കിലോവിന് 333 രൂപക്കാണ് വനിതാലീഗുകാർ ചായപ്പൊടി വിൽക്കേണ്ടത്. യൂണിറ്റുകൾക്ക് ക്വാട്ട നിശ്ചയിച്ചാണ് കച്ചവടം. ടീ ഗാല ലോഗോ ചൊവ്വാഴ്ച പാണക്കാട് വച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തിറക്കും. നവംബർ ഒന്നുമുതലാണ് കച്ചവടവും ഫണ്ട് ശേഖരണവും. ചില ലീഗ് നേതാക്കളുടെ താൽപ്പര്യാർഥമാണ് വനിതാലീഗ് ചായപ്പൊടിയുമായി ഇറങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം നൂതന പ്രവർത്തനപദ്ധതികളാവിഷ്കരിക്കാനാണ് ടീ ഗാല നടത്തുന്നതെന്ന് വനിതാലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുത്സു പറഞ്ഞു.