തിരുവനന്തപുരം> നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് പിആർഎസ് വായ്പയായി തുക നൽകാൻ സപ്ലൈകോ തയ്യാർ. സംസ്ഥാനത്ത് അയ്യായിരത്തോളം കർഷകർക്കാണ് തുക ലഭിക്കാനുള്ളത്. 25 കോടി രൂപയാണ് ഇതിനായി വേണ്ടത്. നെല്ല് സംഭരിക്കുന്നതിനുള്ള നോഡൽ ഏജൻസിയായ സപ്ലൈകോ, തുക നൽകുന്നതിന് സഹകരണമേഖലയുമായി ചേർന്ന് നടപടി സ്വീകരിക്കും. പിആർഎസ് വായ്പയായി തുക സ്വീകരിക്കുന്നതുകൊണ്ട് കർഷകന് ബാധ്യതയില്ല. ഈ തുകയ്ക്കുള്ള പലിശയും മുതലും സർക്കാരാണ് നൽകുന്നത്.
കഴിഞ്ഞ സീസണിൽ 2,50,373 കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി ആകെ നൽകേണ്ടിയിരുന്നത് 2070.71 കോടി രൂപയാണ്. ഇതിൽ 1,96,004 കർഷകർക്കായി 1637.71 കോടി രൂപ യഥാസമയം വിതരണം ചെയ്തു. 54,369 കർഷകർക്കായി 433 കോടി രൂപ നൽകാൻ കുടിശ്ശിക വന്നു. സംസ്ഥാന സർക്കാർ 180 കോടി രൂപ അനുവദിക്കുകയും 50,000 രൂപവരെ നൽകാനുള്ള കർഷകർക്ക് മുഴുവൻ തുകയും നൽകി. അവശേഷിച്ചവർക്ക് ഭാഗികമായും കൊടുത്തു. അതേസമയം 2017-–-18 വർഷംമുതൽ കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാനുള്ള 600 കോടിയിലധികം രൂപ ഇനിയും ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയ പശ്ചാത്തലത്തിലാണ് രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി കോൺഗ്രസ് പാലക്കാട് ജില്ലയിൽ പ്രതിഷേധം നടത്തുന്നത്.