കൊല്ലം> രാജീവ്ഗാന്ധി ഏവിയേഷൻ ടെക്നോളജിയിലെ ഒന്നാംവർഷ വിദ്യാർഥിനിയായ കെ എം ധന്യയുടെ പഠനത്തിന് സുരേഷ് ഗോപി 50,000 രൂപ നൽകിയെന്ന വ്യാജവാർത്തയ്ക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. ദത്തെടുത്തെന്നുപറഞ്ഞ് ആരും വരേണ്ടെന്നും ധന്യയെ പട്ടികവർഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടുവർഷ കോഴ്സിനു ഫീസായി സർക്കാർ നൽകുന്നത് 33 ലക്ഷം രൂപയാണ്. ഇതു സർക്കാരിന് നൽകാൻ കഴിയുമെങ്കിൽ കോഷൻ ഡെപ്പോസിറ്റിനത്തിൽ 50,000 രൂപ നൽകുന്നതിന് ആരും രംഗത്തുവരണ്ട. അതും വകുപ്പ് നൽകും. ആദ്യഗഡുവായി 8.50 ലക്ഷം രൂപ വകുപ്പ് നൽകിയിട്ടുണ്ട്. പൈലറ്റ് പഠനത്തിനായി ഈ വർഷം രണ്ട് പട്ടികവർഗ വിദ്യാർഥികൾക്കാണ് സർക്കാർ പണം അനുവദിച്ചത്. എല്ലാ ഫീസും ഘട്ടംഘട്ടമായി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.