കണ്ണൂർ> ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ സൈലം–- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 20-23ന് ചൊവ്വാഴ്ച തുടക്കമാകും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പകൽ രണ്ടിന് ഒരേ ചോദ്യപേപ്പർ മുഖേന ഒരേസമയം മത്സരം നടക്കും. സ്കൂൾതല മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും.
സ്കൂളിൽനിന്ന് വിജയിക്കുന്ന ആദ്യ രണ്ടു സ്ഥാനക്കാർ നവംബർ 11ന് നടക്കുന്ന ഉപജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. നവംബർ 19നാണ് ജില്ലാതല മത്സരം. ജില്ലാതല മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാർ ഒരു ടീമായിട്ടാകും സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ കണ്ണൂരിലാണ് സംസ്ഥാന മത്സരം.
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 12ൽ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
എറണാകുളത്ത് സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ ഒന്നിന് പറവൂർ സമൂഹം ഹൈസ്കൂളിൽ മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ബിജു ജയാനന്ദൻ നിർവഹിക്കും. തലസ്ഥാനത്ത് സ്കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പകൽ ഒന്നിന് വി ജോയി എംഎൽഎ നിർവഹിക്കും.