കൊച്ചി> ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരടക്കം ഏഴു സീറ്റ് വേണമെന്ന് കൊച്ചിയിൽ നടന്ന എൻഡിഎ നേതൃയോഗത്തിൽ ബിഡിജെഎസ്. ശക്തികേന്ദ്രമല്ലാത്തിടത്ത് നാലു സീറ്റ് നൽകി ആക്ഷേപിക്കുകയാണെന്നും ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി. എന്നാൽ, സീറ്റ് വിഭജനംസംബന്ധിച്ച അന്തിമതീരുമാനം കേന്ദ്ര നേതൃത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മറുപടി നൽകി. വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ ബിഡിജെഎസ് മത്സരിച്ചത്.
ഇതുകൂടാതെ തൃശൂരും ചാലക്കുടിയും കോട്ടയവുമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ച തുഷാർ വെള്ളാപ്പള്ളി പിന്നീട് വയനാട്ടിലേക്ക് മാറുകയായിരുന്നു. ഇത്തവണ തൃശൂർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദയുമായി നേരത്തേ കൂടിക്കാഴ്ചയും നടത്തിയിരുന്നു. മറ്റ് ഘടകകക്ഷികളും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. എല്ലാ ആവശ്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് യോഗശേഷം തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ്സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു.