കൊച്ചി > ട്യൂഷൻ സെന്ററുകൾ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമീഷന്റെ ഉത്തരവിൽ ഇടപെട്ടില്ല. ട്യൂഷൻ സെന്ററുകൾ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഇടക്കാല ഉത്തരവ്.
പഠനത്തിൽ പിന്നാക്കമുള്ള പല കുട്ടികളും ഉയർന്ന മാർക്ക് വാങ്ങുന്നതിൽ ട്യൂഷൻ സെന്ററുകളുടെ സ്വാധീനമുണ്ടെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.