തിരുവനന്തപുരം> കോൺഗ്രസിന് രാഷ്ട്രീയ തന്ത്രങ്ങൾ ഉപദേശിക്കാൻ കെപിസിസി യോഗത്തിലടക്കം പങ്കെടുത്ത ‘മീഡിയ വിദഗ്ധൻ’ നേതൃത്വത്തിന് മുന്നിൽവച്ച ‘തോൽവി കണക്ക്’ പുറത്തായത് കുരുക്കായി. പല മണ്ഡലങ്ങളിലും പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് പുറത്തായത്.
ദേശീയതലത്തിൽ കനിഗോലു നടത്തിയ കണക്കെടുപ്പിൽ കേരളത്തിലെ ആറ് മണ്ഡലങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇക്കാര്യം ചർച്ചയായതോടെ പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. സിറ്റിങ് സീറ്റുകളായ കാസർകോട്, കണ്ണൂർ, വടകര, ആലത്തൂർ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിലാണ് നിലവിലുള്ളവർ മത്സരിച്ചാൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് വിലയിരുത്തിയിട്ടുള്ളത്. 2019ലെ വിജയം കോൺഗ്രസിന് കേരളത്തിൽ ഇക്കുറിയുണ്ടാവില്ലെന്ന് വ്യക്തമാണെങ്കിലും ഏതെല്ലാം മേഖലയിൽ തിരിച്ചടിയുണ്ടാവുകയെന്ന് പറയാനാകാത്ത അവസ്ഥയാണ്.
കെപിസിസി അധ്യക്ഷനായതിനാൽ കണ്ണൂരിൽ കെ സുധാകരൻ മാറാനാണ് തീരുമാനം. പകരം ആരെന്നതിൽ കടുത്ത തർക്കമാണ്. അതുകൊണ്ട്, പത്തനംതിട്ട എംപി ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷനാക്കി സുധാകരനെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
കെപിസിസി അധ്യക്ഷൻ ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യം അടുത്തകാലത്തായി പാർടിയിൽ സജീവ ചർച്ചയാണ്. കനിഗോലു നിർദേശിക്കുന്ന സമവാക്യങ്ങൾ അനുസരിച്ചായിരിക്കും തീരുമാനം. എന്നാൽ, അങ്ങനെയൊരു റിപ്പോർട്ട് കനിഗോലു തന്നിട്ടില്ലെന്ന് പറഞ്ഞ് തടിതപ്പുകയാണ് കെ സുധാകരനും കെ സി വേണുഗോപാലും.
എംപിമാരുടെ മോശം പ്രകടനം, പ്രദേശത്തെ പാർടിയുമായുള്ള അകൽച്ച, ഇനി മത്സരിക്കാനില്ലെന്ന് മുൻകൂർ പ്രഖ്യാപിച്ച് ജനങ്ങളെ എതിരാക്കിയതടക്കമുള്ള കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കെ മുരളീധരൻ, ടി എൻ പ്രതാപൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഇനി പാർലമെന്റിലേക്ക് പോകാനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാണ് താൽപ്പര്യമെന്നുമാണ് പറഞ്ഞിട്ടുള്ളത്. ഇനി വടകരയിൽ മത്സരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാൻ കൂടുതൽപേർ വിമുഖത കാട്ടിയത് തോൽവി മുൻകൂട്ടി കണ്ടാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞത് സ്ഥിരീകരിക്കുകയാണ് കനിഗോലുവിന്റെ സർവേ റിപ്പോർട്ട്.