തിരുവനന്തപുരം > യുഡിഎഫ് നേതാക്കളിൽനിന്ന് 40 ലക്ഷം തട്ടിയ കേസിലെ പ്രതിക്ക് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിയമനം. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച കോഴിക്കോട് സ്വദേശി വി ഷഹബാസിനെയാണ് യൂത്ത് കോൺഗ്രസിന്റെ യൂത്ത് പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായി നിയമിച്ചത്. ഷഹബാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്.
കോൺഗ്രസ് നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ ധനേഷ് ലാൽ , മുൻ മുസ്ലിംലീഗ് എംഎൽഎ യു സി രാമൻ എന്നിവരിൽ നിന്ന് പെട്രോൾ പമ്പ് തുടങ്ങാനുള്ള സ്ഥലം പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഷഹബാസിനെതിരായ പരാതി. ധനേഷ് ലാൽ ഇത് സംബന്ധിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുമുണ്ട്. ധനേഷ് ലാലും യു സി രാമനും സുഹൃത്ത് ഷമീമും ചേർന്ന് പെട്രോൾ പമ്പ് തുടങ്ങാൻ ആലോചിക്കുന്നു എന്നറിഞ്ഞാണ് 2018ൽ ഷഹബാസ് ഇവരെ സമീപിച്ചത്. മാങ്കാവ് ജങ്ഷനിൽ തന്റെ പേരിലുള്ള 30 സെന്റ് സ്ഥലം പാട്ടത്തിന് നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പണം വാങ്ങിയശേഷം കരാറിൽനിന്ന് പിൻവാങ്ങിയെന്നാണ് ധനേഷ് ലാൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിനെതിരെ ഹർജി നൽകിയതോടെ സംസ്ഥാന, ദേശീയ നേതൃത്വം ഇടപെട്ടാണ് ഷഹബാസിനെ പുതിയ പദവിയിൽ അവരോധിച്ചതെന്നാണ് ആക്ഷേപം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റടക്കമുള്ളവരുടെ താൽപ്പര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ച നടന്നതെന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. തട്ടിപ്പുകേസിലെ പ്രതിക്ക് പുതിയ സ്ഥാനം നൽകിയതിൽ യൂത്ത് കോൺഗ്രസിൽ വ്യാപക പ്രതിഷേധമുണ്ട്. ‘പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തവർക്ക് പുട്ടും കടലയും അടിക്കാൻ ഒരു രൂപ ചലഞ്ച്’ എന്ന പേരിൽ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രതിഷേധം വ്യാപകമാണ്. നേതൃത്വത്തിന് നിരവധി പരാതികളും പ്രവഹിക്കുന്നുണ്ട്.