ന്യൂഡൽഹി> ആംആദ്മിയുടെ രാഘവ് ഛദ്ദയെ എംപി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരായ ഹർജിയിൽ രാജ്യസഭാ സെക്രട്ടറിയറ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. നോട്ടീസ് അയക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് 30ലേക്ക് മാറ്റി. അറ്റോണി ജനറൽ ആർ വെങ്കടരമണിയോട് ആവശ്യമായ നിയമസഹായം നൽകാനും നിർദേശിച്ചു.
പാർലമെന്റ് വർഷകാലസമ്മേളനത്തിനിടെ ഡൽഹി സർവീസസ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രാഘവ് ഛദ്ദ പ്രമേയം അവതരിപ്പിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളായി ചില എംപിമാരെ അദ്ദേഹം ശുപാർശ ചെയ്തു. എംപിമാരുടെ അനുമതിയില്ലാതെയാണ് രാഘവ്ച്ഛദ്ദ പേരുകൾ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തതെന്ന ആരോപണമുയർന്നു.
ഈ നടപടി രാജ്യസഭാചട്ടങ്ങളുടെ 72–-ാം റൂളിന്റെ ലംഘനമാണെന്ന പരാതിയിൽ രാജ്യസഭാ അധ്യക്ഷൻ രാഘവ്ച്ഛദ്ദയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വിവാദവിഷയം രാജ്യസഭാ പ്രിവിലേജസ് കമ്മിറ്റി പരിഗണിക്കുമ്പോഴായിരുന്നു നടപടി. സസ്പെൻഷൻ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് രാഘവ് ഛദ്ദയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ്ദ്വിവേദി വാദിച്ചു.















