തൃശൂർ> മുൻകാലങ്ങളിലെപ്പോലെ എതെങ്കിലും ഒന്നോ രണ്ടോ സ്കൂളുകളുടെ കുത്തകയല്ല, സംസ്ഥാന സ്കൂൾ കായികോത്സവം. ആരുവാഴും ആരുവീഴും എന്നൊന്നും പറയാൻ പറ്റാത്ത കാലം. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് അതിന്റെ തുടക്കമായിരുന്നു. ട്രാക്കും ഫീൽഡും അടക്കിവാണ കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസ് ചിത്രത്തിൽപ്പോലുമുണ്ടായില്ല. കരുത്തരായ കോതമംഗലം സെന്റ് മാർബേസിൽ സ്കൂൾ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മലപ്പുറത്തുനിന്നുള്ള കടകശേരി ഐഡിയൽ സ്കൂൾ പുത്തൻ താരോദയമായപ്പോൾ പാലക്കാട് കല്ലടി എച്ച്എസ് കൂമരംപുത്തൂർ രണ്ടാമതും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് മൂന്നാമതുമായി. പറളി എച്ച്എസിനായിരുന്നു നാലാംസ്ഥാനം. പറളി സ്കൂളും മാർ ബേസിലും ഈ തവണയും മികച്ച ടീമുമായാണ് വരുന്നത്. ഇരു സ്കൂളുകൾക്കും മിക്ക ഇനങ്ങളിലും മെഡൽ പ്രതീക്ഷയുണ്ട്.
ദീർഘദൂരത്തിൽ കല്ലടിയുണ്ട്. പുത്തൻ ശക്തികളായി മാറാൻ സാധ്യതയുള്ള സ്കൂളുകളിലൊന്ന് കോതമംഗലം കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസാണ്. കോതമംഗലം എംഎ അത്ലറ്റിക് അക്കാദമിയുടെ താരങ്ങൾ ഈ വർഷം പഠിക്കുന്നത് ഇവിടെയാണ്. മുമ്പ് ഇവർ മാതിരപ്പള്ളി എച്ച്എസ്എസിൽ ആയിരുന്നു. ദ്രോണാചാര്യ കെ പി തോമസും മകൻ രാജാസ് തോമസും പരിശീലിപ്പിക്കുന്ന പൂഞ്ഞാർ എസ്എംവി എച്ച്എസ്എസും ഉഷ സ്കൂളിന്റെ കരുത്തിൽ വരുന്ന എഎം എച്ച്എസ്എസ് പൂവമ്പായിയും ട്രാക്കിനങ്ങളിൽ എതിരാളികൾക്ക് വെല്ലുവിളിയാകും. പുതുജീവൻ വീണ്ടെടുത്ത തിരുവനന്തപുരം ജിവി രാജ സ്കൂൾ കരുത്തുകാട്ടും.
കോഴിക്കോട് പുല്ലൂരാംപാറയ്ക്ക് പഴയ കരുത്തില്ല. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ മുഖ്യപരിശീലകനായിരുന്ന ടോമി ചെറിയാനും ഒരുപിടി താരങ്ങളും കടകശേരി ഐഡിയൽ സ്കൂളിലേക്ക് കൂടുമാറി. ആൻസി സോജനെയും പി ഡി അഞ്ജലിയെയും അടക്കമുള്ളവരെ സംഭാവന ചെയ്ത നാട്ടിക ഗവ. ഫിഷറീസ് സ്കൂളിനും ആദ്യ പത്തിൽ ഇടംപിടിക്കാൻമാത്രം കുട്ടികളില്ല.
പരമ്പരാഗത പേരുകൾക്ക് അപ്പുറം ട്രാക്കും ഫീൽഡും കീഴടക്കാൻ പുത്തൻ താരങ്ങളും സ്കൂളും കടന്നുവരാം. കാരണം ഇത് സംസ്ഥാന സ്കൂൾ കായികോത്സവമാണ്. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച അത്ലീറ്റുകളെ സംഭാവന ചെയ്ത കളരിയാണ്.















