അലഹബാദ് > നിതാരി കൂട്ടക്കൊലക്കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി ഉത്തരവ്. മുഖ്യപ്രതി സുരേന്ദ്ര കോലി, കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. സുരേന്ദ്ര കോലിയെ 12 കേസുകളിലും മൊനീന്ദർ സിങിനെ 2 കേസുകളിലുമായിരുന്നു വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അശ്വനി കുമാർ മിശ്ര, സയ്യിദ് അഫ്താബ് ഹുസൈൻ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും വെറുതെ വിട്ടത്.
2005-2006 കാലയളവിലാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊല നടന്നത്. പ്രതിയുടെ വീടിന്റെ പിന്നിലുള്ള ഓടയിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങൾ തെളിഞ്ഞത്. സുരേന്ദർ കോലി നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇരുവരെയും വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. 16ഓളം കൊലപാതകങ്ങളാണ് ഇവർ നടത്തിയതായി കണ്ടെത്തിയിരുന്നത്.