തിരുവനന്തപുരം
കടലും തീരവും അനുബന്ധസമ്പത്തും കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ തിങ്കളാഴ്ച കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കും. ‘കടൽ കടലിന്റെ മക്കൾക്ക് ’ മുദ്രാവാക്യമുയർത്തി കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ബഹുജനങ്ങളും പങ്കെടുത്ത് സംഘടിപ്പിക്കുന്ന മനുഷ്യ ശൃംഖലയിൽ കടൽ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഒമ്പത് തീരദേശ ജില്ലകളിലെ 70 കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി.
ഖനനത്തിനായി കടൽ ഭാഗങ്ങൾ കുത്തകകൾക്ക് ലേലംചെയ്ത് വിൽക്കാനുള്ള കേന്ദ്ര തീരുമാനം റദ്ദാക്കുംവരെ പ്രക്ഷോഭം സംഘടിപ്പിക്കും. കടലാക്രമണത്തിൽനിന്ന് തീരത്തെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രം ആവശ്യമായതുക അനുവദിക്കുക, മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കുക, ക്ഷേമ പദ്ധതികളിലെ വെട്ടിക്കുറച്ചതും നിർത്തലാക്കിയതുമായ കേന്ദ്രവിഹിതം പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി തുക കൃത്യമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ശൃംഖല. പ്രതിജ്ഞയ്ക്കുശേഷം എല്ലാ കേന്ദ്രങ്ങളിലും പൊതുസമ്മേളനങ്ങളും ചേരും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നടക്കുന്ന ശൃംഖലയിൽ കടലിന്റെ മക്കളെ സ്നേഹിക്കുന്ന മുഴുവനാളുകളും പങ്കെടുക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയും അഭ്യർഥിച്ചു.