കൊച്ചി
കൊച്ചി കപ്പൽശാലയിൽ ഡിസംബറിൽ നിർമാണം പൂർത്തിയാകുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കിലേക്ക് കൂറ്റൻ ഗാൻട്രി ക്രെയ്ൻ എത്തി. 600 ടൺ ശേഷിയുള്ള ക്രെയ്ൻ സൗത്ത് കൊറിയയിൽനിന്നാണ് എത്തിയത്. നിലവിലുള്ളതിനേക്കാൾ ഇരട്ടിശേഷിയുള്ള ക്രെയ്ൻ പുതിയ ഡ്രൈഡോക്കിനോടുചേർന്ന് സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കൊച്ചിൻ ഷിപ്യാർഡ് എന്ന് രേഖപ്പെടുത്തിയ ഈ കൂറ്റനാകും ഇനി കപ്പൽശാലയുടെ അടയാളം.
വേമ്പനാട്ട് കായലിനോടുചേർന്ന് 15 ഏക്കറിൽ പൂർത്തിയാകുന്ന ഡ്രൈഡോക്കിലെ പ്രധാനപ്പെട്ട യന്ത്രസാമഗ്രിയാണ് കൂറ്റൻ ഗാൻട്രി ക്രെയ്ൻ. കപ്പലുകളുടെ ഹള്ളിലേക്ക് യന്ത്രഭാഗങ്ങൾ എടുത്തുവയ്ക്കാൻ ശേഷികൂടിയ ക്രെയ്നുകളാണ് വേണ്ടത്. എൽഎൻജി കപ്പലുകൾ, വിമാനവാഹിനികൾ, ജാക്ക് റിഗുകൾ, ഓയിൽ ടാങ്കറുകൾ, ഡ്രിൽ ഷിപ്പുകൾ, മർച്ചന്റ് വെസലുകൾ തുടങ്ങിയവയുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും പുതിയ ഡ്രൈഡോക്ക് സഹായകമാകും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയുമാണുള്ളത്. 1799 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്. 2018 ലാണ് നിർമാണം ആരംഭിച്ചത്.
വില്ലിങ്ടൺ ഐലൻഡിലെ ഷിപ് റിപ്പയർ യാർഡിൽ കൂറ്റൻ ഷിപ്ലിഫ്റ്റിങ് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നു
കപ്പൽശാലയിൽ ഇപ്പോൾ രണ്ട് ഡ്രൈഡോക്കുകളാണ് ഉള്ളത്. പുതിയ കപ്പലുകളുടെ നിർമാണത്തിന് 225 മീറ്റർ നീളവും 43 മീറ്റർ വീതിയും ഒമ്പതുമീറ്റർ ആഴവുമുള്ള ഡ്രൈഡോക്കാണ് ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് 270 മീറ്റർ നീളവും 45 മീറ്റർ വീതിയും 12 മീറ്റർ ആഴവുമുള്ള രണ്ടാമത്തെ ഡ്രൈഡോക്കും. കപ്പലുകൾ ഡ്രൈഡോക്കിലേക്ക് കയറ്റാനുള്ള 6000 ടണ്ണിന്റെ ഷിപ്ലിഫ്റ്റ് വില്ലിങ്ടൺ ഐലൻഡിലെ റിപ്പയറിങ് യാർഡിൽ സ്ഥാപിച്ചു. 130 മീറ്റർ നീളവും 25 മീറ്റർ നീളവുമുള്ള ഷിപ്ലിഫ്റ്റ് വിയറ്റ്നാമിൽനിന്നാണ് എത്തിയത്. 1500 മീറ്റർ നീളത്തിൽ ബർത്തും അനുബന്ധസൗകര്യങ്ങളും തയ്യാറാക്കും. 970 കോടി രൂപയാണ് ചെലവ്. 2024 ജൂണോടെയാകും കമീഷനിങ്.