രംഗം 1
ദുബായ് സ്റ്റേഡിയം. -2021 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്. ഇന്ത്യ–-പാകിസ്ഥാൻ പോരാട്ടം. ക്രീസിൽ രോഹിത് ശർമ. ആദ്യ പന്ത് നേരിടാൻ ഓപ്പണർ തയ്യാറെടുത്തു. പാക് പേസർ ഷഹീൻ അഫ്രീദിയുടെ പന്ത് മൂളിപ്പറന്നെത്തി. പാക് താരങ്ങളുടെ അപ്പീൽ. വിക്കറ്റിനുമുന്നിൽ കുരുങ്ങി. റണ്ണെടുക്കാതെ മടക്കം.
രംഗം 2
ശ്രീലങ്കയിലെ പല്ലെകെലെ സ്റ്റേഡിയം. ഏഷ്യാകപ്പ്. 2023 സെപ്തംബർ 2. വീണ്ടും ഇന്ത്യ–-പാകിസ്ഥാൻ പോരാട്ടം. രോഹിത്–-ഷഹീൻ മുഖാമുഖം. നാലാംഓവറിലെ അവസാന പന്ത്. രോഹിതിന്റെ ഓഫ്സ്റ്റമ്പ് തകർന്നു. ഒരിക്കൽക്കൂടി പാക് പേസ് വിസ്മയത്തിനുമുന്നിൽ ഹിറ്റ്മാന് തലകുനിക്കേണ്ടിവന്നു. സമ്പാദ്യം 22 പന്തിൽ വെറും 11 റൺ.
രംഗം 3
അഹമ്മദാബാദിലെ സ്റ്റേഡിയം. 2023 ഏകദിന ലോകകപ്പ്. പാകിസ്ഥാന്റെ 191 റൺ പിന്തുടരാൻ ഇറങ്ങിയ രോഹിതിനുമുന്നിൽ വീണ്ടും ഷഹീൻ അഫ്രീദിയെത്തി. ആദ്യ പന്ത് പാഡിനരികെ. ഒരുനിമിഷം, ബാറ്റിലൊരു സ്ഫോടനമുണ്ടായി. പന്ത് സ്ക്വയർ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പറന്നു. അതൊരു തുടക്കമായിരുന്നു. ഇന്നിങ്സ് അവസാനിച്ചത് 63 പന്തിൽ 86ലാണ്.
മുപ്പത്താറാം വയസ്സിൽ രോഹിത് ശർമയെന്ന ബാറ്ററും ക്യാപ്റ്റനും ഇന്ത്യയെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. മൂന്നാം ലോകകപ്പിനായുള്ള പ്രയാണത്തിൽ ആവേശവും ആത്മവിശ്വാസവും പകരുന്നതാണ് ക്യാപ്റ്റന്റെ കളി. ഒട്ടും സമ്മർദമില്ലാതെ അനായാസമുള്ള കളിയിൽ പാകിസ്ഥാൻ പൊരുതാൻപോലുമാകാതെ കീഴടങ്ങുകയായിരുന്നു. ആറുവീതം സിക്സറും ഫോറുമാണ് പിറന്നത്. 36 പന്തിൽ അരസെഞ്ചുറി. ജയത്തിന് അടിത്തറയിട്ട് മടക്കം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ എട്ടാമതും ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചു. ബാറ്റുകൊണ്ടുമാത്രമല്ല, ആക്രമണോത്സുകമായ നായകത്വവും നിർണായകമായി. അവശ്യസമയങ്ങളിലുള്ള ബൗളർമാരുടെ മാറ്റവും വ്യത്യസ്തമായ ഫീൽഡിങ് വിന്യാസവും പാക് ബാറ്റർമാരെ കുഴക്കി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും പുറത്താക്കിയ ഉടൻ സ്പിന്നറായ കുൽദീപ് യാദവിനെ പന്തേൽപ്പിച്ചത് കളിഗതി മാറ്റി. 33–-ാംഓവറിൽ രണ്ട് വിക്കറ്റാണ് ഇടംകൈയൻ നേടിയത്.
കഴിഞ്ഞ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായ രോഹിത് ഇത്തവണയും ചരിത്രം ആവർത്തിക്കാനുള്ള പുറപ്പാടിലാണ്. ആദ്യകളിയിൽ ഓസ്ട്രേലിയക്കെതിരെ റണ്ണെടുക്കുംമുമ്പ് മടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് കളിയിൽ 217 റണ്ണടിച്ചു. ഒരു സെഞ്ചുറിയും അരസെഞ്ചുറിയും. ആദ്യ റൗണ്ടിൽ ആറ് മത്സരം കൂടി ഇന്ത്യക്ക് ബാക്കിയുണ്ട്. ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരെയാണ്. പുണെയിൽ 19നാണ് കളി. ഇരുടീമുകളും പുണെയിലെത്തി.















