ബെനോലിം (ഗോവ)
ഛത്തീസ്ഗഢും കടന്ന് കേരളത്തിന്റെ കുതിപ്പ്. സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഹാട്രിക് ജയം പൂർത്തിയാക്കി. ഛത്തീസ്ഗഢിനെ മൂന്ന് ഗോളിനാണ് കീഴടക്കിയത്. ഇ സജീഷ്, കെ ജുനൈൻ, നിജോ ഗിൽബർട്ട് എന്നിവർ ലക്ഷ്യംകണ്ടു. എ ഗ്രൂപ്പിൽ ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. നാളെ ഗോവയോട് സമനില പിടിച്ചാൽ ഫൈനൽ റൗണ്ടിലേക്ക് കുതിക്കാം. നേരത്തേ ഗുജറാത്തിനെയും ജമ്മു–-കശ്മിരിനെയും തോൽപ്പിച്ചിരുന്നു.
ശാരീരികക്ഷമതയിൽ ഒരുപടി മുന്നിലുള്ള ഛത്തീസ്ഗഢുകാർക്കെതിരെ സമർഥമായാണ് കേരളം കളിച്ചത്. പ്രതിരോധിക്കുക, തക്കം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തി ഗോളടിക്കുക എന്ന തന്ത്രം പിഴവുകളില്ലാതെ നടപ്പാക്കുകയും ചെയ്തു. ആദ്യ ഗോൾ ഇത്തരത്തിലായിരുന്നു. എതിരാളിയുടെ മുന്നേറ്റത്തിനുപിന്നാലെയുള്ള നീക്കം. വലതുപ്രതിരോധത്തിൽനിന്ന് ബെൽജിൻ ബോൽസ്റ്റർ നൽകിയ ക്രോസ് സജീഷിലേക്ക്. ഈ കേരള പൊലീസുകാരൻ പന്തുമായി ഒറ്റയ്ക്ക് മുന്നേറി. ഛത്തീസ്ഗഢ് പ്രതിരോധക്കാർ ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കേരളം 1 ഛത്തീസ്ഗഢ് 0. ഒന്നടിച്ചിട്ടും ആവേശം കാണിച്ചില്ല കേരളം. പ്രതിരോധം കടുപ്പിച്ച് ക്ഷമയോടെ നീങ്ങി.
രണ്ടാംപകുതിയിൽ ജുനൈനും നിതിൻ മധുവും പകരക്കാരായി എത്തി. 55–-ാംമിനിറ്റിൽ ലീഡുയർത്തി. ഇടതുവിങ്ങിൽനിന്ന് അക്ബർ സിദ്ദീഖ് നൽകിയ പാസ് ഗോൾമുഖത്തുനിന്ന് തട്ടിയിടേണ്ട പണിയേ ജുനൈനുണ്ടായിരുന്നുള്ളൂ. വൈകാതെ അടുത്ത ഗോളുമെത്തി. ഇത്തവണ ക്യാപ്റ്റന്റെ ഊഴമായിരുന്നു. ജി ജിതിൻ ഒരുക്കിയ പന്ത് പിടിച്ചെടുത്ത് നിജോയുടെ വലതുകോണിൽനിന്നുള്ള ഉഗ്രൻ മുന്നേറ്റം. മൂന്ന് പ്രതിരോധക്കാരെയും ഛത്തീസ്ഗഢ് ഗോളി നവീൺ നായിക്കിനെയും മറികടന്ന് വലയിൽ. മൂന്നടിയിൽനിന്ന് തിരിച്ചുവരാൻ എതിരാളികൾക്കായില്ല. തുടർച്ചയായ മൂന്നാംതോൽവിയോടെ ഛത്തീസ്ഗഢ് പുറത്തായി.
മറ്റൊരു മത്സരത്തിൽ ഗോവ ജമ്മു–-കശ്മീരിനോട് 2–-1ന് രക്ഷപ്പെട്ടു. ഏഴ് പോയിന്റുമായി പട്ടികയിൽ രണ്ടാമതാണവർ. അടുത്തകളിയിൽ കേരളത്തെ തോൽപ്പിച്ചാൽ ഫൈനൽ റൗണ്ട് ഉറപ്പിക്കാം.















