ന്യൂഡൽഹി
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ. ഇംഗ്ലണ്ടിനെ 69 റണ്ണിനാണ് തകർത്തത്. മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇതിനുമുമ്പ് 2015 ലോകകപ്പിൽ സ്കോട്ട്ലൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് ഏകവിജയം. ഇക്കുറി രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്തായിരുന്നു. മൂന്ന് കളിയിലെ രണ്ടാംതോൽവി ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കും.
സ്കോർ: അഫ്ഗാൻ 284 (49.5), ഇംഗ്ലണ്ട് 215 (40.3)
ഏഴാമത്തെ പന്തിൽ ഓപ്പണർ ജോണി ബെയർസ്റ്റോയെ (2) നഷ്ടപ്പെട്ട ആഘാതത്തിൽനിന്ന് ഇംഗ്ലണ്ട് ഉണർന്നതേയില്ല. കൂട്ടുകാരൻ ഡേവിഡ് മലാൻ 32 റണ്ണെടുത്ത് ചെറുത്തുനിന്നു. കഴിഞ്ഞ കളിയിൽ തിളങ്ങിയ ജോ റൂട്ട് (11) മുജീബിന്റെ പന്തിൽ ബൗൾഡായി. ക്യാപ്റ്റൻ ജോസ് ബട്ലർ (9) വീണ്ടും നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക് (66) മാത്രമാണ് പൊരുതിനിന്നത്. ഏഴ് ഫോറും ഒരു സിക്–സറുമാണ് ഇരുപത്തിനാലുകാരൻ നേടിയത്. ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റും സ്–പിന്നർമാർ സ്വന്തമാക്കി. മുജീബ് ഉർ റഹ്മാനും റാഷിദ് ഖാനും മൂന്ന് വീതം വിക്കറ്റെടുത്തു. രണ്ട് വിക്കറ്റ് മുഹമ്മദ് നബിക്കാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മികച്ച സ്കോർ നൽകിയത് ഓപ്പണർ റഹ്മാനുള്ള ഗുർബാസും (57 പന്തിൽ 80) വിക്കറ്റ്കീപ്പർ ഇക്രം അലിഖിലുമാണ് (66 പന്തിൽ 58). ലോകകപ്പിൽ തുടർച്ചയായി പതിനാല് തോൽവിക്കുശേഷമാണ് അഫ്ഗാൻ വിജയിക്കുന്നത്. ഇംഗ്ലണ്ട് 21ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഫ്ഗാന്റെ കളി 18ന് ന്യൂസിലൻഡിനെതിരെയാണ്.
അപകടമുനമ്പിൽ ഓസീസും ലങ്കയും
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. രണ്ട് കളിയും തോറ്റ ഇരുടീമുകൾക്കും മുന്നോട്ടുപോകാൻ വിജയം അനിവാര്യം. റൺനിരക്കിലും പിറകിലായതിനാൽ മികച്ച വിജയമായിരിക്കും ലക്ഷ്യമിടുന്നത്. അഞ്ചുതവണ ലോക ജേതാക്കളായ ഓസീസിന്റെ തകർച്ചയാണ് അവിശ്വസനീയം. ഇന്ത്യയോട് ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്ണിനുമാണ് തകർന്നടിഞ്ഞത്. ബാറ്റർമാരുടെ പരാജയമാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.
ലങ്കയാകട്ടെ ലക്ഷ്യമില്ലാതെ പന്തെറിയുന്ന ബൗളർമാരെക്കൊണ്ടാണ് പൊറുതിമുട്ടിയത്. ആദ്യകളിയിൽ ദക്ഷിണാഫ്രിക്കയോട് 102 റണ്ണിനും പാകിസ്ഥാനോട് ആറ് വിക്കറ്റിനും തോറ്റു. പരിക്കേറ്റ ക്യാപ്റ്റൻ ദാസുൺ ഷനക പുറത്തായത് തിരിച്ചടിയാണ്. പകരക്കാരനായി ചാമിക കരുണരത്നെ ടീമിലെത്തി.















