ന്യൂഡൽഹി
ഒളിമ്പിക്സിന് ആതിഥേയരാകാനുള്ള ഇന്ത്യയുടെ ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ വേദിയാകുന്ന നഗരത്തെക്കുറിച്ചുള്ള ചർച്ച സജീവമായി. 2036 ഒളിമ്പിക്സിനായി ഇന്ത്യ ഔദ്യോഗികമായി ശ്രമിക്കുമെന്നാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചത്. ഒളിമ്പിക്സ് നടത്താനുള്ള ഒരവസരവും ഇന്ത്യ പാഴാക്കില്ല. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും അഭിലാഷവുമാണ് ഒളിമ്പിക്സ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും വേദി അനുവദിച്ചുകിട്ടാനുള്ള നടപടിക്രമങ്ങൾ സങ്കീർണവും കാലതാമസമുള്ളതുമാണ്. 2036ലെ വേദിയുടെ തീരുമാനം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി 2026ലോ 2027ലോ മാത്രമാണ് എടുക്കുക. 2025ൽ ഒളിമ്പിക് സമിതിക്ക് പുതിയ പ്രസിഡന്റ് വരും.
അടുത്ത ഒളിമ്പിക്സ് 2024ൽ പാരിസിലാണ്. 2028ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വേദിയാകും. 2032 ഒളിമ്പിക്സ് നടത്തുന്നത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ നഗരമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ വേദിക്കായി ശ്രമിക്കുന്നത്.
അഹമ്മദാബാദിൽ നരേന്ദ്ര മോദിയുടെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തെ ഏറ്റവും വലുതാണ്. 1.32 ലക്ഷം ഇരിപ്പിടമാണുള്ളത്. അഹമ്മദാബാദിനെ മുൻനിർത്തിയുള്ള പ്രാഥമിക ചർച്ചകളും മറ്റും കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും തുടങ്ങിയിട്ട് കുറച്ചുനാളായി. അഹമ്മദാബാദിലും ഗാന്ധിനഗറിലുമായി 33 സ്റ്റേഡിയങ്ങൾക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കുപുറമെ പോളണ്ട്, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഒളിമ്പിക്സ് ആതിഥേയത്വത്തിനായി രംഗത്തുണ്ട്.















