മൂന്നാം നൂറ്റാണ്ടിൽ ചൈനയിൽനിന്ന് വ്യാപാരത്തിനായി കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോയിരുന്നുവെന്നത് ചരിത്രം. പതിറ്റാണ്ടുകൾക്ക് ഇപ്പുറം ആഗസ്ത് 30ന് ചൈനയിൽനിന്ന് ഒരു കപ്പൽ പുറപ്പെട്ടു. ഷെൻഹുവ 15. ലോകത്തെ പ്രധാനപ്പെട്ടതും ഇന്ത്യയിലെ ആദ്യത്തെയും മദർപോർട്ടാകാനൊരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായിരുന്നു ലക്ഷ്യം. കേരളത്തിന്റെ വികസന പ്രതീക്ഷയുടെ സൈറൺ മുഴക്കിയായിരുന്നു ഷെൻഹുവ 15ന്റെ വരവ്. ലോകത്തെ സമുദ്ര ചരക്കു നീക്കത്തിൽ ഇന്ത്യയുടെ മുഖമാകുന്ന വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം കപ്പൽ നങ്കുരമിട്ടു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഇത് മറ്റൊരു ചരിത്രം. ഷെൻഹുവ 15ന് കേരളത്തിന്റെ വാട്ടർ സല്യൂട്ട്…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പലടുത്തതോടെ വികസനമേഖലയിലെ സ്വപ്നങ്ങളുടെ ഫലപ്രാപ്തിയിലേക്ക് കേരളം തീരമണഞ്ഞു. ലോക തുറമുഖ ഭൂഗോളത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് “ഷെൻഹുവ 15′ ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി വരവേറ്റപ്പോൾ ആയിരങ്ങൾ സാക്ഷിയായി. ഞായര് വൈകിട്ട് നാലിന് ചടങ്ങുകൾ ആരംഭിച്ചു.
വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ ബർത്തിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, വി ശിവൻകുട്ടി, കെ രാജൻ, ജി ആർ അനിൽ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി വേണു, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംചേർന്ന് വർണബലൂണുകൾ വാനിലുയർത്തി. ചരിത്രമുഹൂർത്തത്തിന് കൊഴുപ്പേകാൻ വെടിക്കെട്ടും ചെണ്ടമേളവും ഉണ്ടായിരുന്നു. തുടർന്ന് കപ്പലിന്റെ ചെറുമാതൃക മുഖ്യമന്ത്രിക്ക് കൈമാറി.
തുറമുഖത്തെത്തിയ ആദ്യ കപ്പല് ഷെന്ഹുവ -15 ബെര്ത്തില് അടുത്തതോടെ വാനിലുയര്ന്ന വര്ണപ്പടക്കം
തുടർന്ന് അയ്യായിരത്തോളംപേരെ ഉൾക്കൊള്ളുന്ന കൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടന്നത്. എം വിൻസെന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എമിരറ്റസ് ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കലക്ടർ ജെറോമിക് ജോർജ്, കൗൺസിലർമാരായ ഓമനയമ്മ, പനിയടിമ, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ, ജില്ലയിൽനിന്നുള്ള എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
ആഹ്ലാദത്തിൽ
ക്യാപ്റ്റൻ
‘ചൈനീസ് കപ്പൽ ഷെൻഹുവ 15നെ ബെർത്തിൽ എത്തിക്കുന്ന നേരം എന്റെ ഹൃദയമിടിപ്പ് കൂടി. ആഹ്ലാദം നിറഞ്ഞ ചരിത്രനിമിഷം. അതൊരിക്കലും ഇനി മറക്കാൻ കഴിയില്ലെന്നും’ ക്യാപ്റ്റൻ തുഷാർ പറഞ്ഞു. സ്വീകരണം നൽകുന്നതിനുമുമ്പ് ബെർത്തിലായിരുന്ന കപ്പൽ 100 മീറ്റർ അകലേക്ക് ടഗ്ഗുകൾ ഉപയോഗിച്ച് മാറ്റിയിരുന്നു. പകൽ രണ്ടിനായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തത് വൈകിട്ട് നാലിന്. കൃത്യം 20 മിനിട്ട് എടുത്ത് കപ്പൽ ക്യാപ്റ്റൻ തുഷാർ തിരികെ എത്തിച്ചു.
ഏഴുനോട്ടിക്കൽ മൈൽ അകലെനിന്ന് 12ന് ചൈനീസ് കപ്പൽ തുറമുഖത്ത് എത്തിച്ചതും ഇദ്ദേഹമായിരുന്നു. കാലാവസ്ഥ അനുകൂലമാകുമ്പോഴാണ് തുറമുഖത്തുനിന്ന് കപ്പൽ പുറത്തേക്ക് എടുക്കുന്നതും ബെർത്തിലേക്ക് കൊണ്ടുവരുന്നതെന്നും തുഷാർ പറഞ്ഞു. മറ്റ് തുറമുഖങ്ങളിൽ കാറ്റാണ് വില്ലനാകാറുള്ളതെങ്കിൽ വലിയ തിരമാലകളാണ് വിഴിഞ്ഞത്ത് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര സ്വദേശിയായ തുഷാർ, അദാനിയുടെ മുന്ദ്ര ഉൾപ്പെടെ വിവിധ തുറമുഖങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിഴിഞ്ഞത്തെ മറൈൻ സർവീസസ് തലവൻകൂടിയാണ് ക്യാപ്റ്റൻ തുഷാർ.