അഗളി
അട്ടപ്പാടി മോഡൽ നീർത്തട വികസന പദ്ധതി സംസ്ഥാനമാകെ നടപ്പാക്കാനൊരുങ്ങി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില). പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള സംഘങ്ങൾക്ക് കിലയുടെ അഗളിയിലെ പട്ടികവർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിൽ പരിശീലനം നൽകി. ജി രാധാകൃഷ്ണകുറുപ്പ്, പ്രതാപൻ മന്ദിരം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 400 പഞ്ചായത്തുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകുമെന്ന് കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൺ പറഞ്ഞു.. വരണ്ടുണങ്ങിയ അട്ടപ്പാടിയെ ഹരിതാഭമാക്കിയ പ്രവൃത്തികൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.കൈയേറ്റവും മരം വെട്ടലും 1983ലെ കൊടുംവരൾച്ചയുമെല്ലാം ഇരുട്ടിലാക്കിയ അട്ടപ്പാടിയെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് തിരികെ കൊണ്ടുവന്നത്.
ജപ്പാൻ സഹായത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന വികസനപദ്ധതിയായ “ആഹാഡ്സ്’ വഴിത്തിരിവായി. പതിമൂവായിരം ഹെക്ടറിലെ വനവൽക്കരണം മലയോരത്ത് വീണ്ടും ഉറവ പൊട്ടാൻ ഇടയാക്കി. മണ്ണ്, -ജല സംരക്ഷണ പ്രവർത്തനങ്ങൾ മാതൃകയായി. മൊട്ടക്കുന്നുകൾ പച്ചവിരിച്ചു. കൃഷിയും കാലി വളർത്തലും തിരികെയെത്തി. തൊഴിലുറപ്പ് പദ്ധതിയിലായിരുന്നു പ്രവൃത്തികൾ. ഇതുവഴി നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രതയും കൈവരിക്കാനായി.