കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) നേതാക്കൾക്കെതിരായ വിമർശത്തിന് മുസ്ലിംലീഗ് നേതാക്കളുടെയെല്ലാം പിന്തുണയുണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സമസ്തയെ മറയാക്കി ലീഗിനെ വിമർശിക്കുന്നവർക്കെതിരെ മൗനം പാലിക്കില്ല. സമസ്ത നേതാക്കൾ പലരും ലീഗ് വിരുദ്ധരാണ്. ലീഗിനെ പൊതുയോഗത്തിൽ വിമർശിച്ചവരുണ്ട്. ഇതിനെല്ലാം തെളിവ് നിരത്താനുണ്ട്. സമസ്തയിലെ ചില പ്രധാനികളെ സിപിഐ എം കൈയിലെടുത്തിട്ടുണ്ടെന്നും- -സ്വകാര്യ ചാനൽ അഭിമുഖത്തിൽ സലാം പറഞ്ഞു.
ലീഗിനെതിരെ പ്രസംഗിച്ചവരെപ്പറ്റി സമസ്ത നേതൃത്വത്തെ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തിരുത്തിയിട്ടില്ല. സമസ്തയിലെ പദവി ഉപയോഗിച്ച് ലീഗിനെതിരെ പറഞ്ഞാൽ വിമർശിക്കാൻ അവകാശമുണ്ട്. മുശാവറ അംഗങ്ങളടക്കം മതരംഗത്ത് പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം പറയുകയാണ്. സമസ്ത നേതാക്കളുടെ പേര് പറയാതെയാണ് താൻ വിമർശിച്ചത്. അത് വിവാദമാക്കിയത് മുശാവറയിലെ ലീഗ് വിരുദ്ധരാണ്.
‘‘ഞാൻ സമസ്ത വിശ്വാസിയല്ല. ജനറൽ സെക്രട്ടറിമാരടക്കം സമസ്തക്കാരല്ലാത്ത നേതാക്കൾ മുമ്പും ലീഗിലുണ്ടായിട്ടുണ്ട്. ലീഗിൽനിന്ന് ഞാൻ രണ്ടുതവണ പുറത്തുപോയിട്ടുണ്ട്. അത് തെറ്റോ കുറ്റമോ ആയി കാണുന്നില്ല. എന്നെപ്പറ്റിയുള്ള സമസ്തയുടെ പ്രചാരണത്തിന് മറുപടി പറയാനറിയാം. ജനറൽ സെക്രട്ടറിയായതിനാൽ പറയുന്നില്ല. സാദിഖലി തങ്ങളെ പാണക്കാടുവന്ന് കാണുന്നത് കീഴടങ്ങലാണെന്നും പറയാം’’-–- അഭിമുഖത്തിൽ സലാം പറഞ്ഞു.
സലാമിന്റെ ചാനൽ പരാമർശങ്ങൾ സമസ്ത കേന്ദ്രങ്ങളിൽ അതൃപ്തി രൂക്ഷമാക്കിയിട്ടുണ്ട്. സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സലാമിന്റെ പുതിയ വിമർശങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സലാമിന് കൃത്യമായ മറുപടി നൽകണമെന്ന അഭിപ്രായവും ശക്തമാണ്.
സലാമിന്റേത് വഹാബിസം
എസ്കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരെന്ന് ആർക്കുമറിയില്ലെന്ന പി എം എ സലാമിന്റെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫ്.
പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് സലാമിന്റേതെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് ഫേസ്ബുക്കിൽ കുറിച്ചു. വഹാബിസം തലയിൽ കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവർക്ക് ലൈസൻസ് നൽകി കളി കാണുന്നവർ മൗനം വെടിയണമെന്നും ജനകീയ വിചാരണയിൽ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും അഷ്റഫ് പറഞ്ഞു.