ന്യൂഡല്ഹി > മുന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കോണ്‍ഗ്രസ് നേതാവുമായ മനോഹര്‍ സിങ് ഗില് (87) അന്തരിച്ചു. സൗത്ത് ഡല്ഹി സാകേതിലെ മാക്സ് ആശുപത്രിയില് ഞായറാഴ്ചയായിരുന്നു അന്ത്യം. 1996 മുതല് 2001 വരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര് പദവിയിലിരുന്നത്. 2008 മുതൽ 2011 വരെ കേന്ദ്ര മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള കായിക-യുവജനകാര്യ മന്ത്രിയായിരുന്നു.
പഞ്ചാബ് കേഡറില്നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ഗില്, 2004ല് രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980കളില് പഞ്ചാബ് കാര്ഷിക സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു. ‘ആന് ഇന്ത്യന് സ്റ്റോറി; അഗ്രിക്കള്‍ച്ചര്‍ ആന്ഡ് കോപറേറ്റീവ്സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. പത്മവിഭൂഷണ് ബഹുമതിക്ക് അർഹനായിട്ടുണ്ട്.