ഗാസ
ഗാസയിൽനിന്ന് ജീവനുവേണ്ടി പലായനം ചെയ്യുന്ന മനുഷ്യർക്കുനേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം. ഗാസയിൽ കരയുദ്ധം ഉറപ്പെന്ന് പ്രഖ്യാപിച്ച് ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജീവനുംകൊണ്ട് രക്ഷപ്പെടുന്നവർക്കുനേരെയാണ് ആക്രമണം നടന്നത്. വാഹനങ്ങളിൽ തെക്കൻ മേഖലയിലേക്ക് പോയവർക്കുനേരെ മൂന്നിടത്തായി വ്യോമാക്രമണം നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ടുവരെ ആളുകൾക്ക് പലായനം ചെയ്യാൻ സമയം അനുവദിക്കുമെന്നായിരുന്നു ഇസ്രയേൽ പ്രഖ്യാപനം. തെക്കൻ ഗാസയിലേക്കും വ്യോമാക്രമണം നടത്തിയതോടെ ജനങ്ങൾ ഈജിപ്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് റാഫ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ശനിയാഴ്ച ഗാസ അതിർത്തി സന്ദർശിച്ച് യുദ്ധസന്നാഹങ്ങൾ വിലയിരുത്തി. ഗാസയിലെ വടക്കൻ മേഖലയിൽ കടന്നുകയറി ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ശനിയാഴ്ച 320 പലസ്തീൻകാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഒരാഴ്ച പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 2215 ആയി. ഇസ്രയേലിൽ 1300 പേർ കൊല്ലപ്പെട്ടു.
പലസ്തീൻകാർ വംശഹത്യക്ക് ഇരയാകുകയാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് പറഞ്ഞു. ഗാസയ്ക്ക് അടിയന്തരസഹായം നൽകുമെന്ന് ചൈനീസ് വിദേശ മന്ത്രി വാങ് യി പറഞ്ഞു. മധ്യസ്ഥശ്രമം നടത്തുമെന്ന് റഷ്യയും അറിയിച്ചു.















