ന്യൂയോർക്ക്
അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ ഇസ്രയേലിനു പിന്നിൽ അണിനിരന്നിട്ടും ജനഹൃദയങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന് വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ. ഇറാഖ് അടക്കമുള്ള അറബ്രാജ്യങ്ങളിൽ വെള്ളിയാഴ്ച നടന്ന പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങൾ ശനിയാഴ്ച യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടർന്നു.
ഇസ്രയേലിനുള്ള അചഞ്ചല പിന്തുണ അമേരിക്കൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ന്യൂയോർക്കും വാഷിങ്ടൺഡിസിയുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യമുയർത്തി വൻജനക്കൂട്ടം പ്രകടനം നടത്തി. ടൈംസ് സ്ക്വയറിൽ ഉയർന്ന ‘നെതന്യാഹു, ഇന്ന് എത്ര കുട്ടികളെ കൊന്നു?’ പ്ലക്കാർഡുകൾ, ഹമാസ് കുട്ടികളുടെ കഴുത്തറുത്തെന്ന പ്രസിഡന്റ് ജോ ബൈഡന്റെ വ്യാജപ്രചാരണത്തിനെതിരായ വിമർശവുമായി. സമാധാനനീക്കം ശക്തമാക്കാൻ ആവശ്യപ്പെട്ട് ജനീവയിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് നിരവധിപേർ ഒത്തുചേർന്നു.
വ്യാഴാഴ്ച 200 അമേരിക്കൻ കോളേജുകളിൽ പ്രതിരോധദിനം ആചരിച്ചിരുന്നു. ഇസ്രയേലിന് പിന്തുണയായി പടക്കപ്പലയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിലേക്ക് പതിനായിരങ്ങൾ മാർച്ച് ചെയ്തു. ബിബിസി ഓഫീസിനു മുന്നിൽ പലസ്തീനെ അനുകൂലിച്ച് വൻ ജനക്കൂട്ടം ഒത്തുചേർന്നു. സ്കോട്ട്ലൻഡിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നതോടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു.
നാറ്റോ അംഗരാജ്യമായ പോളണ്ടിലെ വാർസോയിലും ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജനങ്ങൾ പലസ്തീൻ പതാക പുതച്ച് ഇസ്രയേലിനെതിരെ പ്രതിഷേധിച്ചു. ജൊഹാന്നസ്ബർഗ്, ബർലിൻ, ടോക്യോ, പാരീസ് എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു. വിവിധ അറബ് രാജ്യങ്ങളിലും പ്രതിഷേധമുയർന്നു.















