നെടുമ്പാശേരി
‘‘തിരികെ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ സമാധാന അന്തരീക്ഷമുണ്ടാകുമെന്നാണ് കരുതുന്നത്. അതിർത്തിയിലാണ് സ്ഥിതി രൂക്ഷം. ബന്ധുക്കളുടെ ആശങ്ക ഒഴിവാക്കാനാണ് നാട്ടിലെത്തിയത്’’–- ഇസ്രയേലിൽനിന്ന് മടങ്ങിയെത്തിയ ഹരിപ്പാട് സ്വദേശി അരുൺ പറഞ്ഞു.
ശനി വൈകിട്ട് 5.45ന് ഇൻഡിഗോ വിമാനത്തിൽ ഒമ്പതും 6.10ന് എയർ ഏഷ്യാ വിമാനത്തിൽ 14 പേരുമായി 23 മലയാളികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ടെൽ അവീവിന് 50 കിലോമീറ്റർ അകലെ അരിയൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് അരുൺ. അരുണുൾപ്പെടെ 100 വിദ്യാർഥികൾ നാട്ടിലേക്ക് ആദ്യഘട്ടംതന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി സഹായിച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും പ്രത്യേകം നന്ദിയുണ്ടെന്ന് അരുൺ പറഞ്ഞു. ഓപ്പറേഷൻ അജയ്യുടെ ഭാഗമായാണ് ഇവർ നാട്ടിൽ എത്തിയത്. വെള്ളിയാഴ്ച ഏഴുപേർ എത്തിയിരുന്നു.















