കുവൈത്ത് സിറ്റി > ഇന്ത്യയില് നിന്ന് കുവൈത്ത് ഉൾപ്പടെയുള്ള ഗള്ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബജറ്റ് എയര്ലൈന്സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്വീസ് നടത്താന് സിവില് ഏവിയേഷന് അധികൃതര് അനുമതി നല്കിയതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നിലവില് ആകാശ എയര് കൊച്ചി വിമാനത്താവളത്തില് നിന്ന് ആഭ്യന്തര സര്വീസ് നടത്തുന്നുണ്ട്.
കുവൈത്ത്, സൗദി അറേബ്യ, ഖത്തര് എന്നിവിടങ്ങളിലേക്കാണ് ആകാശ എയര് സര്വീസ് നടത്തുക. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ലോ കോസ്റ്റ് എയര്ലൈന്സ് ആയതിനാല് കുറഞ്ഞ ചെലവില് യാത്ര ചെയ്യാം.
അന്താരാഷ്ട്ര തലത്തിൽ പറക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ അനുമതി ലഭിച്ച ഉടൻ പ്രധാന മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് ഡിസംബറിൽ സർവിസ് ആരംഭിക്കുമെന്ന് ആകാശ എയർ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏതു നഗരങ്ങളിൽനിന്നാകും കുവൈത്ത് സർവിസ് എന്ന് വ്യക്തമല്ല. ദുബായിലേക്ക് സര്വീസ് നടത്താന് ധാരണയുണ്ടെങ്കിലും ഇക്കാര്യത്തില് അന്തിമ തീരുമാനമായിട്ടില്ല. സർവീസിന് കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽനിന്നും അനുമതിയും ആവശ്യമുണ്ട്.