തിരുവനന്തപുരം
മധേ-്യഷ്യയിൽ സമാധാനം ഉറപ്പാക്കി പലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണമെന്ന നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇസ്രയേലിന്റെ തുടർച്ചയായ ഇടപെടലാണ് പലസ്തീൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. അതിന്റെ പ്രതികരണമായാണ് ഹമാസ് ആക്രമണം. ഇത്തരം ആക്രമണങ്ങൾ പ്രശ്ന പരിഹാരമല്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പലസ്തീൻ ജനതയ്ക്ക് സ്വന്തമായി രാജ്യമെന്ന ഐക്യരാഷ്ട്രസഭയുടെ തീരുമാനം നടപ്പാക്കാനായിട്ടില്ല. ദിവസവും പലസ്തീൻകാർ കൊല്ലപ്പെടുന്നു. ഇവിടെ ജൂത വിഭാഗക്കാരുടെ നിയമവിരുദ്ധ കുടിയേറ്റം തുടരുകയാണ്. പലസ്തീൻ ജനതയെ സ്വന്തം ഭൂമിയിൽനിന്ന് ആട്ടിപ്പായിക്കുന്നു. സ്വതന്ത്രരാഷ്ട്രമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അത്തരമൊരു ഇടപെടൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുണ്ടാകണം.
ഹമാസ് ആക്രമണത്തെയും ഇസ്രയേൽ ഗാസയിൽ നടത്തുന്ന രക്തച്ചൊരിച്ചിലുകളെയും സിപിഐ എം പൊളിറ്റ്ബ്യൂറോ നേരത്തെ അപലപിച്ചിട്ടുണ്ട്. അതിക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമമുണ്ടാകണം. മതനിരപേക്ഷ റിപ്പബ്ലിക് എന്നനിലയിൽ പലസ്തീനെ ഉയർത്തുക എന്നതായിരുന്നു യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) ലക്ഷ്യം. ഈ സംഘടനയ്ക്കെതിരെയാണ് ഹമാസ് രൂപംകൊണ്ടത്. പലസ്തീനെ മതനിരപേക്ഷ റിപ്പബ്ലിക്കാക്കുകയെന്ന സമീപനം ഇവർക്കില്ല. സാധാരണ ജനങ്ങളെ കൊല്ലുകയും ബന്ധികളാക്കുകയും ചെയ്യുന്നത് ശരിയല്ല. എന്നാൽ, ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത് ഇസ്രയേലിന്റെ നിലപാടുകളാണ്– എം വി ഗോവിന്ദൻ പറഞ്ഞു.- മലയാളികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ബിജെപിയുടെ പ്രഖ്യാപനം കോൺഗ്രസ്
കൂട്ടുകെട്ടിന്റെ സൂചന
അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐ എമ്മാണ് മുഖ്യശത്രുവെന്ന ബിജെപിയുടെ പ്രഖ്യാപനം കോൺഗ്രസുമായുണ്ടാക്കാൻ പോകുന്ന സഖ്യത്തിന്റെ സൂചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം നേരത്തേ കോൺഗ്രസ് നേതാക്കളും പറഞ്ഞിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘപരിവാറിനെതിരായ സമരത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടാണ് ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നിൽ.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരായി ബിജെപിയും കോൺഗ്രസും സ്വീകരിച്ച നയസമീപനം കൂടുതൽ ശക്തിപ്പെടുമെന്ന സൂചനയാണിത്. വടകര, ബേപ്പൂർ മണ്ഡലങ്ങളിൽ നേരത്തേ തുറന്ന സഖ്യം ഇവർ തമ്മിലുണ്ടാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി കാര്യങ്ങൾ നീങ്ങുകയാണ്. ഒരേ തൂവൽ പക്ഷികളെപ്പോലെ കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.